ബെംഗളൂരു-മൈസൂരു അതിവേഗപാത; പ്രതിഷേധത്തിനിടെ ടോൾപിരിവ് തുടങ്ങി

    
 ബെംഗളൂരു : കോൺഗ്രസിന്റെയും കന്നഡ സംഘടനകളുടെയും എതിർപ്പ് മറികടന്ന് ബെംഗളൂരു-മൈസൂരു അതിവേഗപാതയിൽ ടോൾ പിരിവ് ആരംഭിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ബെംഗളൂരുവിനും നിദാഘട്ടയ്ക്കും ഇടയിലുള്ള 56 കിലോമീറ്റർ ഭാഗത്താണ് ടോൾ പിരിവ് തുടങ്ങിയത്. പ്രതിഷേധം കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയിലായിരുന്നു ടോൾപിരിവ്. ബെംഗളൂരുവിൽ നിന്ന് മൈസൂരുവിലേക്കു പോകുമ്പോൾ ബിഡദിക്ക് സമീപത്തെ കനിമിനികെ ടോൾ പ്ലാസയിൽനിന്നാണ് ടോൾ പിരിക്കുന്നത്. കാറുകൾക്ക് 135 രൂപയും ബസുകൾക്ക് 460 രൂപയുമാണ് നിരക്ക്.




അതിവേഗ പാതയിൽ ടോൾ പിരിവ് ആരംഭിച്ചതിനെതിരേ കോൺഗ്രസ് പ്രവർത്തകരും വിവിധ കന്നഡ സംഘടനകളും ടോൾപ്ലാസകൾക്കു മുന്നിൽ പ്രതിഷേധിച്ചു. കനിമിനികെ ടോൾ പ്ലാസയിലും ശേഷാഗിരിഹള്ളി ടോൾപ്ലാസയിലും നൂറിലേറെ പ്രതിഷേധക്കാർ മുദ്രാവാക്യങ്ങളുമായെത്തി. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചു. വളരെ ഉയർന്ന നിരക്കാണ് ടോളായി വാങ്ങുന്നതെന്നും സർവീസ് റോഡിന്റെ പണി പൂർത്തിയാക്കാതെയാണ് ടോൾ പിരിവ് ആരംഭിച്ചതെന്നും പ്രതിഷേധക്കാർ ആരോപിച്ചു.

ഇരട്ട എൻജിൻ സർക്കാരാണെന്ന് ബി.ജെ.പി. അവകാശപ്പെടുന്നുണ്ടെങ്കിലും സർവീസ് റോഡ് പൂർത്തിയാക്കാതെയാണ് ടോൾ വാങ്ങുന്നതെന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിച്ചു. സർവീസ് റോഡ് നിർമാണം പൂർത്തിയാകാതെ ദേശീയപാതാ അധികൃതർക്ക് ടോൾ പിരിക്കാൻ അവകാശമില്ലെന്ന് പ്രവർത്തകർ പറഞ്ഞു.

പ്രതിഷേധക്കാർ കരിങ്കൊടി വീശുകയും ബി.ജെ.പി. സർക്കാരുകൾക്കെതിരേ മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പത്തുവരിയുള്ള അതിവേഗപാത കഴിഞ്ഞ ഞായറാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.





Post a Comment

Previous Post Next Post
Paris
Paris