കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള ഹജ്ജിന് കേരളത്തിൽ നിന്ന് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ടത് 10,331 പേർ. ഇതിൽ 3,865 പേർ പുരുഷന്മാരും 6,466 പേർ വനിതകളുമാണ്. നറുക്കെടുപ്പിലൂടെ വെയിറ്റിംഗ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐഡി ഉപയോഗിച്ചും hcoi എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും ഹാജിമാരുടെ വിവരങ്ങൾ പരിശോധിക്കാം.
70 വയസ് വിഭാഗത്തിൽ 1,430 പേർ, മെഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ (45 വയസിന് മുകളിൽ) 2,807, ജനറൽ വിഭാഗത്തിൽ 6,094 എന്നിങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. എംബാർക്കേഷൻ പോയിന്റായി കോഴിക്കോട് വിമാനത്താവളം 6,322 ഉം കണ്ണൂർ 1,796ഉം കൊച്ചി 2,213ഉം പേർ തിരഞ്ഞെടുത്തിട്ടുണ്ട്.
ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു 81,800 രൂപ ഈ മാസം ഏഴിനകം അടയ്ക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റിൽ നിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേയ്‌മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐയുടെയോ യൂണിയൻ ബാങ്കിന്റെയോ ബ്രാഞ്ചിൽ പണമടയ്ക്കാം. ഹജ്ജിന് ആകെ അടയ്ക്കേണ്ട തുക, വിമാന ചാർജ്, സൗദിയിലെ ചെലവ് തുടങ്ങിയവ കണക്കാക്കിയ ശേഷം പിന്നീട് അറിയിക്കും.
ഹജ്ജ് അപേക്ഷാഫോമും ഓൺലൈനിൽ സമർപ്പിച്ച എല്ലാ അനുബന്ധ രേഖകളുടെ കോപ്പിയും ഏപ്രിൽ 10ന് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. അപേക്ഷാഫോമിലും ഡിക്ലറേഷനിലും ഓരോ അപേക്ഷകനും നോമിനിയും ഒപ്പിടണം. അഡ്വാൻസ് തുകയുടെ സ്ലിപ്പ്, ഒറിജിനൽ പാസ്പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ (വൈറ്റ് ബാക്ക്ഗ്രൗണ്ടുള്ള ഫോട്ടോ പാസ്‌പോർട്ടിന്റെ പുറംചട്ടയിൽ സെല്ലോടേപ്പ് ഉപയോഗിച്ച് ഒട്ടിക്കണം), ഫോട്ടോ പതിച്ച മെഡിക്കൽ സ്‌ക്രീനിംഗ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് (സർക്കാർ അലോപ്പതി ഡോക്ടർ പരിശോധിച്ചത്), പാസ്‌പോർട്ട് ആദ്യപേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ് (പാസ്‌പോർട്ടിലെ അഡ്രസിന് വ്യത്യാസമുണ്ടെങ്കിൽ മാത്രം), കൊവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ കാൻസൽ ചെയ്ത പാസ്ബുക്ക്/ചെക്ക് ലീഫ് കോപ്പി എന്നിവ കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിലോ, കോഴിക്കോട് പുതിയറ റീജിയണൽ ഓഫീസിലോ സമർപ്പിക്കണം.
വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായോ ജില്ലാ ഹജ്ജ്
ട്രെയിനർമാരുമായോ ബന്ധപ്പെടാം. ഫോൺ-0483 2710717, 2717572. ഹജ്ജ് ട്രെയിനർമാർ: കാസർകോട് 9446111188, കണ്ണൂർ 9446133582, വയനാട് 9961083361, കോഴിക്കോട് 9846100552, മലപ്പുറം 9846738287, പാലക്കാട് 9400815202, തൃശൂർ 9446062928, എറണാകുളം 9562971129, ഇടുക്കി 9961013690, കോട്ടയം 9447548580, ആലപ്പുഴ 9947734315, പത്തനംതിട്ട 9495661510, കൊല്ലം 8086600806, തിരുവനന്തപുരം 9895648856.
Post a Comment