തിരുവനന്തപുരം : പത്ത്, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ക്ളാസുകളിലെ പൊതുപരീക്ഷയുടെ മൂല്യനിർണയ ക്യാമ്പുകൾക്ക് ഇന്ന് തുടക്കമാകും. 70 ക്യാമ്പുകളിലായി നടക്കുന്ന എസ്.എസ്.എൽ.സി മൂല്യനിർണയ പ്രക്രിയയിൽ 18,000ത്തിലധികം അദ്ധ്യാപകർ പങ്കെടുക്കും. 26നാണ് ക്യാമ്പ് അവസാനിക്കുക. മൂല്യനിർണയ ക്യാമ്പുകൾക്ക് സമാന്തരമായി 5 മുതൽ ടാബുലേഷൻ പ്രവർത്തനങ്ങൾ പരീക്ഷാഭവനിൽ ആരംഭിക്കും
ഹയർ സെക്കൻഡറി മൂല്യനിർണയ ക്യാമ്പുകൾ മേയ് ആദ്യവാരം വരെ നീളും. 80 മൂല്യനിർണയ ക്യാമ്പുകളിലായി 25,000 അദ്ധ്യാപകരുടെ സേവനമുണ്ടാകും. പ്ലസ് ടു മൂല്യനിർണയം പൂർത്തിയായ ശേഷം പ്ലസ് വൺ മൂല്യനിർണയം ആരംഭിക്കും. വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ എട്ട് മൂല്യനിർണയ കേന്ദ്രങ്ങളിലായി 3,500 അദ്ധ്യാപകരാണുണ്ടാവുക. മേയ് 20നകം പത്ത്, പ്ളസ്ടു, വി.എച്ച്.എസ്.ഇ ഫലങ്ങൾ പ്രഖ്യാപിക്കും
ഖാദർ കമ്മിറ്റി റിപ്പോർട്ട് ഏകപക്ഷീയമായി നടപ്പിലാക്കുന്നതിൽ പ്രതിഷേധിച്ച് ഹയർസെക്കൻഡറി അദ്ധ്യാപക സംഘടനകൾ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിഷേധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ക്യാമ്പുകളിലെത്താതെ അദ്ധ്യാപകർ മാറിനിന്നാൽ കർശന അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു വ്യക്തമാക്കി_
Post a Comment