സഹോദരിയുടെ വീട്ടില്‍ നോമ്പു തുറന്നുള്ള മടക്കയാത്ര റഹ്മത്തിന്റെ അവസാന യാത്രയായി


കൊയിലാണ്ടി : കോഴിക്കോടുള്ള സഹോദരിയുടെ വീട്ടില്‍ നോമ്പു തുറക്കാന്‍ പോയതായിരുന്നു റഹ്മത്ത്. നോമ്പ് തുറന്ന് സന്തോഷത്തോടെ മട്ടന്നൂരിലേക്കുള്ള മടക്കയാത്രയാണ് വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീരാസങ്കടമായി കലാശിച്ചത്. ചാലിയത്ത് താമസിക്കുന്ന സഹോദരി ജസീലയുടെ വീട്ടിലാണ് റഹ്മത്ത് നോമ്പ് തുറന്നത്. തുടര്‍ന്ന് ജസീലയുടെ രണ്ട് വയസുള്ള മകള്‍ സഹ്‌ലയെ കൂട്ടി ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടിവ് ട്രെയിനില്‍ മട്ടന്നൂരിലേക്ക് തിരിക്കുകയായിരുന്നു.




ഉംറ നിര്‍വഹിക്കാനായി സഊദി അറേബ്യയിലേക്ക് പോയ സഹ്‌ലയുടെ പിതാവ് ഷുഹൈബ് നിലവില്‍ മദീനയിലാണുള്ളത്. ഷുഹൈബ് ഇന്ന് നാട്ടിലെത്തുമെന്ന് ബന്ധു അറിയിച്ചു.

നാസറിന്റെ വാക്കുകള്‍ ഇങ്ങനെ: 'ഇന്നലെ രാത്രി രണ്ടേമുക്കാലോടെയാണ് വിവരം അറിയുന്നത്. കുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് വിവരം വിളിച്ചു പറഞ്ഞത്. അപ്പോള്‍ തന്നെ ഞങ്ങള്‍ അവിടെ നിന്ന് പുറപ്പെട്ടു. ഇവിടെ എത്തിയതിന് ശേഷമാണ് മരിച്ചവിവരം അറിഞ്ഞത്. നോമ്പ് തുറക്കാനാണ് വന്നത്. കുട്ടിയുടെ ഉമ്മയുടെ സഹോദരിയും അവരുടെ ഒരു ബന്ധുവുമാണ് നോമ്പ് തുറക്കാനായി വന്നിരുന്നത്. ട്രെയിനില്‍ സാധാരണ ഇവര്‍ പോകാറുണ്ട്. ചാലിയത്ത് നിന്നും നോമ്പ് തുറന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്നു'

ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം. ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ആലപ്പുഴ എക്‌സിക്യൂട്ടീവ് ട്രെയിനിലാണ് സംഭവം. രാത്രി 9.30 തോടെ 'ഡി കോച്ചില്‍' ആളുകളുടെ മുഖത്തേക്ക് ഒരാള്‍ പെട്രോള്‍ സ്‌പ്രേ ചെയ്യുകയും തുടര്‍ന്ന് തീ കൊളുത്തുകയുമായിരുന്നു. അഞ്ച് പേര്‍ക്ക് കാര്യമായ പൊള്ളലേറ്റു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അപകടത്തില്‍ കാലിന് പരിക്കേറ്റ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഒരാളാണ് തന്നോടൊപ്പം യാത്ര ചെയ്തവരെ കാണാനില്ലന്ന വിവരം നല്‍കിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് റെയില്‍വെ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എലത്തൂര്‍ റെയില്‍വെ സ്റ്റേഷന് സമീപം കോരപ്പുഴ പാലത്തിന് സമീപമാണ് തീപൊള്ളലേറ്റ സമയത്ത് ചങ്ങല വലിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിരുന്നത്. കാണാതായവര്‍ പുഴയിലേക്ക് ചാടിയതാകാം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ തെരച്ചിലിലാണ് ട്രാക്കില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

Post a Comment

Previous Post Next Post
Paris
Paris