ട്രെയിനിലെ ആക്രമണം: ആശങ്കയൊഴിയുന്നില്ല, ഒപ്പം ദുരൂഹതയും


കോഴിക്കോട്:കേട്ടു കേൾവിയില്ലാത്ത ആക്രമണം, ദുരൂഹത. ഞായറാഴ്ച രാത്രി 9.30 മുതൽ കോഴിക്കോട് ആശങ്കയിലാണ്. ഓടുന്ന ട്രെയിനിൽ സഹയാത്രികരെ പെട്രോളൊഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന വിവരം പുറത്തുവന്നത് മുതൽ കോഴിക്കോട് ആശങ്കയിലാവുകയായിരുന്നു. ഒപ്പം ദുരൂഹതയും.




ആക്രമണം നടന്നത് കോരപ്പുഴ പാലത്തിലാണെന്ന് വ്യക്തമായതോടെ അട്ടിമറി സംശയം ബലപ്പെട്ടു. ആദ്യഘട്ടത്തിൽ പൊള്ളലേറ്റവരെ ആശുപത്രിയിലെത്തിക്കാനായിരുന്നു പൊലീസും ആർ.പി.എഫും ഓടിക്കൂടിയ നാട്ടുകാരുമെല്ലാം ശ്രമിച്ചത്. രക്ഷാ പ്രവർത്തനത്തിന് ശേഷം പ്രതിയെ പിടികൂടാനുള്ള പ്രവർത്തനം പൊലീസ് ശക്തമാക്കി. അതിനിടെയാണ് നാടിനെ ആകെ കണ്ണീരിലാഴ്ത്തി രണ്ട് വയസുകാരിയടക്കം മൂന്ന് പേരെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുണ്യമാസത്തിൽ നോമ്പ് തുറകഴിഞ്ഞ് വീട്ടിലേക്ക് പുറപ്പെട്ട മൂന്നുപേർ. അക്രമിയുടെ തീ ആക്രമണ ഭയത്താൽ ട്രെയിനിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചതായിരുന്നു ഇവരെന്നാണ് നിഗമനം. ഇതോടെ കൂടുതൽ പേർ ഇത്തരത്തിൽ അപകടത്തിൽ പെട്ടിട്ടുണ്ടോ എന്ന പരിശോധന നടത്തി. അതിനിടെ ട്രെയിൻ കണ്ണൂരിലേക്ക് യാത്ര തുടരുകയും ചെയ്തിരുന്നു.

പൊള്ളലേറ്റവരിൽ ഒരാളുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമാർട്ടത്തിന് ശേഷം വിട്ടു നൽകി. പൊലീസും റെയിൽവേ പൊലീസും സംയുക്തമായി പ്രതിയെ പിടികൂടാനുള്ള നീക്കം ശക്തമാക്കി. എലത്തൂരിന് സമീപത്തെ കാട്ടിലപ്പീടികയിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യം പ്രതിയുടേതെന്ന തരത്തിൽ പ്രചരിച്ചു. എന്നാൽ ഇത് പൊലീസ് നിഷേധിക്കുകയും പ്രതിയല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

ട്രാക്കിൽ നിന്ന് ലഭിച്ച ബാഗിലുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രതി ഉത്തരേന്ത്യൻ സ്വദേശിയാണെന്നും കണ്ണൂരിൽ നിന്ന് പിടിയിലായെന്നും വാർത്തകൾ വന്നെങ്കിലും പൊലീസ് അത് നിഷേധിക്കുകയായിരുന്നു.

ഒരു പരിചയവുമില്ലാത്ത ആൾ എന്തിനാണ് ഇത്തരത്തിൽ ക്രൂരമായ ആക്രമണം നടത്തിയതെന്ന് ഇരകൾക്ക് പോലും വ്യക്തതയില്ല. യാതൊരു പ്രകോപനമോ ഭാവമാറ്റമോ ഇയാൾക്ക് ഉണ്ടായില്ലെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തീവ്രവാദി ആക്രമണത്തിലേക്കും ആസൂത്രിത ആക്രമണമെന്ന തലത്തിലും വിരൽചൂണ്ടുന്നതും ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നുണ്ട്.

Post a Comment

Previous Post Next Post
Paris
Paris