ക്വോട്ട തികക്കാന്‍ അപേക്ഷകരില്ല; ഹജ്ജ് അപേക്ഷ കുത്തനെ കുറഞ്ഞു


ഈ വര്‍ഷത്തെ ഹജ്ജിന് അനുവദിച്ച ക്വോട്ട തികക്കാന്‍ അപേക്ഷകരില്ലാതെ ഒമ്ബത് സംസ്ഥാനങ്ങള്‍. കോവിഡിന് മുമ്ബ് ഹജ്ജ് അപേക്ഷയില്‍ രാജ്യത്ത് ഒന്നാമതായിരുന്ന കേരളം ഇക്കുറി നാലാം സ്ഥാനത്തുമായി.




ഓരോ സംസ്ഥാനത്തെയും മുസ്ലിം ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് ഹജ്ജിന് ക്വോട്ട നിശ്ചയിക്കുന്നത്. ഇപ്രകാരം അനുവദിച്ച ക്വോട്ട തികക്കാന്‍ അപേക്ഷരില്ലാത്തത് ആന്ധ്ര, അസം, ബിഹാര്‍, ഹിമാചല്‍ പ്രദേശ്, ഝാര്‍ഖണ്ഡ്, പഞ്ചാബ്, ത്രിപുര, ഉത്തര്‍പ്രദേശ്, ബംഗാള്‍ സംസ്ഥാനങ്ങളിലാണ്. ഇവിടങ്ങളില്‍ ബാക്കിയുള്ള സീറ്റുകള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുകയായിരുന്നു. ബംഗാളില്‍ മാത്രം 9,041 പേരുടെ കുറവാണുളളത്. ബിഹാറില്‍ 8,587ഉം.

ഉത്തര്‍പ്രദേശിന് അനുവദിച്ച ക്വോട്ട 31,180 ആണെങ്കില്‍ അപേക്ഷകര്‍ 26,786 മാത്രം. മറ്റ് സംസ്ഥാനങ്ങളിലെ കണക്ക് ക്വോട്ട, അപേക്ഷകര്‍ എന്ന ക്രമത്തില്‍: ബംഗാള്‍- 19,976, 10,935. അസം: 8,840, 6,302. ആന്ധ്ര: 2931, 2323. ബിഹാര്‍: 14,225, 5638. ഝാര്‍ഖണ്ഡ്: 3,884, 2901. ഹിമാചല്‍ പ്രദേശ്: 121, 74. പഞ്ചാബ്: 434, 308. ത്രിപുര: 256, 165. 

ഇക്കുറി രാജ്യത്ത് ഹജ്ജ് അപേക്ഷകളിലും വലിയ കുറവുണ്ടായിട്ടുണ്ട്. 2019ല്‍ 2,67,261 അപേക്ഷകരുണ്ടായിരുന്നെങ്കില്‍ ഇക്കുറി 1,84,147 പേര്‍ മാത്രമാണുള്ളത്. 2018 ല്‍ 3,55,604 ഉം 2017 ല്‍ 4,48,268ഉം അപേക്ഷകരുണ്ടായിരുന്നു. ഇത്തവണ കേന്ദ്ര ഹജ്ജ് കമ്മിറ്റി ക്വോട്ട വര്‍ധിപ്പിക്കുകയും മൂന്ന് വര്‍ഷത്തിന് ശേഷം കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌ ഹജ്ജിന് അവസരം ഒരുക്കുകയും ചെയ്തിട്ടും അപേക്ഷകരുടെ എണ്ണം കുത്തനെ കുറയുകയായിരുന്നു.

കോവിഡിന് മുമ്ബ് രാജ്യത്ത് ഹജ്ജ് അപേക്ഷകരില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം ഇക്കുറി നാലാമതാണ്. ഇത്തവണ 19,524 അപേക്ഷകരാണുള്ളത്. ഇതില്‍ 10,531 പേര്‍ക്ക് അവസരം ലഭിച്ചു. 2019ല്‍ 43115, 2018ല്‍ 69783, 2017ല്‍ 95236 അപേക്ഷകരാണ് കേരളത്തിലുണ്ടായിരുന്നത്. ഉത്തര്‍പ്രദേശിലാണ് കൂടുതല്‍ അപേക്ഷകര്‍. മഹാരാഷ്ട്രക്കാണ് രണ്ടാംസ്ഥാനം -23,982 പേര്‍. മഹാരാഷ്ട്രയില്‍നിന്ന് 15,033 പേര്‍ക്ക് അവസരം ലഭിച്ചു. മൂന്നാമതുള്ള ഗുജറാത്തിലെ 20,947 അപേക്ഷകരില്‍ 8,096 പേര്‍ക്ക് അവസരം കിട്ടി.

Post a Comment

Previous Post Next Post
Paris
Paris