സഹപാഠിപ്പടയുടെ അത്യുന്നത സൗധം പണിത് 1982 SSLC ബാച്ച്


വാഴക്കാട് : പഴയ സഹപാഠിപ്പടയുടെ അത്യുന്നത സൗധം പണിത് വാഴക്കാട് ഗവ.ഹയർ സെക്കണ്ടറി സ്കൂൾ 1982 എസ് എസ് എൽ സി ബാച്ച് മെഗാ സംഗമം "സ്മൃതി മധുരം 2023 "പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയിൽ വഴിത്തിരിവ് സൃഷ്ടിച്ചു. പ്രതികരണ
ശേഷിയും ചിന്താശക്തിയുമില്ലാത്ത കുട്ടിക്കാലത്ത് പടിയിറങ്ങേണ്ടി വന്നവരാണ് സ്കൂളിനോട് സംവദിക്കാനും നാല്പതാണ്ടിന് ശേഷമുള്ള ബാക്കിപത്രം ഗ്രഹിക്കാനും നാൾവഴികൾ മറിച്ചു നോക്കാനും ഒത്തുകൂടിയത്.




 മനം മിനുസപ്പെട്ട പ്രതികാരം തീർക്കുകയായിരുന്നു ലക്ഷ്യം. ക്യാമ്പസുകളിൽ വിട്ടേച്ചു പോയ അവരുടെ ശബ്ദമധുരിമ പെറുക്കിയെടുത്തും പട്ടിണിക്കാലത്ത് വായിൽ അന്നം വെച്ചുതന്ന സഹപാഠികളുമായി ഹൃദയം തുന്നിച്ചേർത്തും അവരുടെ ജീവിത പാതയിൽ അല്പം സഞ്ചരിച്ചും ഉറ്റു വീണുണങ്ങിയ കണ്ണീർ കണങ്ങളോട് കാര്യമന്വേഷിച്ചും വേർപ്പെട്ട മിത്രങ്ങളുടെ ആത്മാക്കളുടെ സാന്നിധ്യത്തിൽ അനുസ്മരണ ഗീതം പാടി കണ്ണീർ പൊഴിച്ചും ക്ലാസ് റൂമുകളിൽ വെച്ച് അറിവ് തെറിപ്പിച്ച ഗുരു വൃന്ദങ്ങളെ ഹൃദയത്തിൽ ചേർത്തും വിധിയിൽ വേദന പേറിക്കഴിയുന്നവർക്ക് സ്വർഗീയ രശ്മികളുടെ അകം പ്രദർശിപ്പിച്ചും വാട്ട്സ് ആപ് കൂട്ടായ്മയെ മിനുസ വചനത്തിലൂടെ, മധുര ഭാഷണത്തിലൂടെ കുതിപ്പിന് നിറം പകർന്നും നേത്രാനന്ദം നല്കിയും നാല് പതിറ്റാണ്ട് കാലം മുമ്പത്തെ സൗഹൃദ ബന്ധങ്ങൾക്ക് പുതിയ പാതകളും അടിപ്പാതകളും തുരങ്കങ്ങളും മേല്പാലങ്ങളും നടവഴികളും ഇടവഴികളും കമ്പിപ്പാലങ്ങളും മരപ്പലകകളും ഉറപ്പിച്ചു പണിതവർക്ക് അഭിനന്ദനത്തിന്റെ താഴ് വാരത്ത് സുഖലോലുപതയുടെ വസതി പണിതു കൊടുത്തും സഹപാഠിക്കൂട്ടങ്ങളെ പുതിയ പാഠപുസ്തകത്തിൽ പുതുമയുള്ള അധ്യായത്തിൽ വർണം പൂശിയ വരികളിൽ പാർപ്പിച്ചും കഴിഞ്ഞ മൂന്ന് പ്രാഥമിക സംഗമത്തിന്റെ ഊർജ്ജങ്ങളിൽ ആർജ്ജവം ലഭിച്ചു തുടർക്കാലങ്ങളിൽ അഴകും വിശാലതയും ശാന്തതയുമുള്ള സൗഹൃദ സാഗരത്തിൽ ദീർഘനാൾ സഞ്ചരിക്കുമെന്ന് പ്രതിജ്ഞയെടുത്തും ആടിയും പാടിയും കൂട്ടം പറച്ചിലും വിങ്ങിപ്പൊട്ടലും പൊട്ടിച്ചിരിയുമായി ഏറെ നേരം ചെലവഴിച്ചും സഹപാഠികൾ നെഞ്ചകങ്ങളിൽ കുളിർമഴ വർഷിപ്പിച്ചു. ഹൃദയ ഭാഷയും മൊഴികളുടെ ശേഷിയും ഗ്രഹിച്ചു പഴ സതീർത്ഥ്യരെ ഒടുവിൽ തിരിച്ചറിഞ്ഞപ്പോൾ സർവ്വരും ഒരേ ഗേഹവും ദേഹവുമായി ദാഹമകറ്റി. വൈവിധ്യമാർന്ന കലാപരിപാടികളും മത്സരങ്ങളും പരിചയപ്പെടലും മധുര വിഭവങ്ങളും സമ്മാനങ്ങൾ പങ്കുവെയ്ക്കലും സംഗമത്തെ ഇമ്പമാക്കി. സഹപാഠി ശാക്തീകരണമെന്ന ആശയത്തിന് ശക്തിപ്രാപിക്കുകയും ചെയ്തു. സംഘാടക സമിതി ചെയർമാൻ ബശീർ പുളിയത്തിങ്ങൽ ചടങ്ങിൽ അധ്യക്ഷനായി. ഇ.ടി.മുഹമ്മദ് ബഷീർ എം. പി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും മോട്ടിവേറ്ററുമായ നിയാസ് ചോലയുടെ സർഗാത്മകതാവതരണം സംഗമത്തിന് പകിട്ടേകി. പഴയ കാല അധ്യാപകരായ കെ. ഇസ്മാഈൽ, കെ.അബ്ദുൽ കരീം, എം.അബ്ദുൽ ജലീൽ നസ്റുല്ലാഹ്, ഇ. മോഹൻദാസ് , 
സി.കെ.കമ്മു ,
 പി. സാദിഖലി, കെ.വിജയലക്ഷ്മി എന്നിവരെ ചടങ്ങിൽ ആദരിച്ചു. സ്മൃതി മധുരം നാമനിർദ്ദേശകൻ വി.മുഹമ്മദിന് സമ്മാനം നല്കി.സ്കൂൾ പി.ടി.എ. പ്രസിഡണ്ട് മുജീബ് മാസ്റ്റർ മൊട്ടമ്മൽ , ആമിന ആലുങ്ങൽ , മജീദ് കൂളിമാട്, കെ.ടി. ബശീർ , മച്ചിങ്ങൽ ഇസ്മാഈൽ,സി. അബൂബക്കർ , എം. പുഷ്പ, പി.രുഗ്മിണി, ലക്ഷ്മി പാലപ്പുറ, എ.എം.നദീറ , കെ.എ.സിദ്ദീഖുൽ അക്ബർ എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris