കൊട്ടാരക്കര: ഡോക്ടർ വന്ദനാദാസ് കൊലപാതകത്തിൽ പ്രത്യേക ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കി കൊല്ലം റൂറൽ ക്രൈംബ്രാഞ്ച്. പ്രതി സന്ദീപിന് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനാണ് നടപടി. എഡിജിപി എം ആര്‍ അജിത്ത് കുമാര്‍ പങ്കെടുത്തുകൊണ്ട് പ്രത്യേക യോഗം ചേര്‍ന്നാണ് പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറാകുന്നത് സംബന്ധിച്ച് പ്രമുഖ അഭിഭാഷകനായ ജി മോഹന്‍രാജിനോട് പൊലീസ് താല്പര്യം അറിയിച്ചിട്ടുണ്ട്.
ശാസ്ത്രീയ തെളിവുകള്‍, സാക്ഷിമൊഴികള്‍, വിവിധ രേഖകള്‍ തുടങ്ങിയവ ഘട്ടംഘട്ടമായി ശേഖരിക്കുന്നത് സംബന്ധിച്ചാണ് ആക്ഷന്‍ പ്ലാന്‍. താലൂക്ക് ആശുപത്രിയിലെ നിരീക്ഷണ ക്യാമറകളുടെ ഹാഡ് ഡിസ്ക്കുകളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിച്ച് തുടങ്ങി. സാക്ഷികളുടെ മൊഴികള്‍ രേഖപ്പെടുത്തലും ആരംഭിച്ചു.
പരമാവധി ശാസ്ത്രീയ തെളിവുകള്‍ കൃത്യതയോടെ ശേഖരിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന തരത്തിലുള്ള കുറ്റപത്രം സമര്‍പ്പിക്കുകയാണ് ലക്ഷ്യം. പ്ലാന്‍ പ്രകാരമുള്ള തെളിവുകളും സാക്ഷി മൊഴികളും മറ്റ് രേഖകളും ലഭിച്ചാല്‍ 90 ദിവസത്തിന് മുമ്പ് കുറ്റപത്രം സമര്‍പ്പിക്കും. അഭിഭാഷകൻ ജി. മോഹന്‍രാജി സന്നദ്ധനായാല്‍ അദ്ദേഹത്തിന്റെ കൂടി സഹകരണത്തോടെയാകും അന്വേഷണം.
Post a Comment