തിരുവനന്തപുരം : രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായുള്ള ക്ഷേമനിധി സംസ്ഥാനത്ത് ഇന്ന് നിലവിൽ വരും.
പെൻഷൻ, വിവാഹ, പഠന സഹായം ഉൾപ്പെടെ തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതാണ് ക്ഷേമ നിധി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും മഹാത്മാ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലും ഭാഗമായ 14 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ക്ഷേമനിധിയുടെ ഗുണം ലഭിക്കുമെന്ന് മന്ത്രി എം.ബി.രാജേഷ് അറിയിച്ചു. ഉദ്ഘാടനം ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ പാലക്കാട് കോട്ടമൈതാനിയിൽ നിർവഹിക്കും.
രജിസ്റ്റർ ചെയ്യുന്ന തൊഴിലാളി പ്രതിമാസം അടയ്ക്കുന്ന 50 രൂപ അംശദായത്തിന് തുല്യമായ തുക സർക്കാർ വിഹിതമായി നൽകും. തുക തൊഴിലാളികളുടെ പെൻഷനും മറ്റ് ക്ഷേമത്തിനും വിനിയോഗിക്കും. 18 വയസ് പൂർത്തിയായി, 55 വയസ് പൂർത്തിയാകാത്തവർ അംഗത്വത്തിന് അപേക്ഷിക്കുന്ന വർഷമോ തൊട്ടുമുമ്പുളള രണ്ടു വർഷങ്ങളിലോ ഏതെങ്കിലും ഒരു വർഷം 20 ദിവസമെങ്കിലും അവിദഗ്ദ്ധ തൊഴിൽ ചെയ്‌തവർക്ക് അംഗങ്ങളാകാം.
ക്ഷേമനിധി ആനുകൂല്യങ്ങൾ
1, 60 വയസ് വരെ തുടർച്ചയായി അംശദായം അടയ്ക്കുന്നവർക്ക് പെൻഷൻ
2, 10 വർഷത്തിൽ കുറയാതെ അംശദായം അടച്ച് മരിച്ചൽ കുടുംബപെൻഷൻ
3) അസുഖമോ അപകടമോ മൂലം മരിച്ചാൽ സാമ്പത്തിക സഹായം
4) അംഗഭംഗമോ അവശതയോ മൂലം തൊഴിൽ ചെയ്യാനാവാതെ നിധിയിലെ അംഗത്വം അവസാനിപ്പിച്ചാൽ അടച്ച തുക പലിശ സഹിതം തിരികെ നൽകും.
5) ഗുരുതര രോഗത്തിന് ചികിത്സാ ധന സഹായം
6) വനിതാ അംഗങ്ങളുടെയും അംഗങ്ങളുടെ പെൺമക്കളുടെയും വിവാഹത്തിനും പ്രസവത്തിനും സാമ്പത്തിക സഹായം.
7) അംഗങ്ങളുടെ മക്കളുടെ പഠനത്തിന് സാമ്പത്തിക സഹായം.
Post a Comment