ചിക്കന് പൊള്ളും വില, ഈ മാസം 14 മുതൽ കടകൾ അടച്ചിടാൻ തീരുമാനം

കോഴിക്കോട്: ആഘോഷ സീസണെല്ലാം കഴിഞ്ഞിട്ടും ചിക്കന് പൊള്ളും വില. കിലോ വില 250ൽ എത്തി. കോഴി ഫാം ഉടമകൾ അനിയന്ത്രിതമായി വില വർദ്ധിപ്പിക്കുകയാണെന്നാണ് വ്യാപാരികളുടെ ആരോപണം. ട്രോളിംഗ് നിരോധനം വരുന്നതോടെ ചിക്കൻ വില ഇനിയും കുതിക്കുമെന്നാണ് വ്യാപാരികൾ പറയുന്നത്. കഴിഞ്ഞ ഒരു മാസമായി തുടർച്ചയായി ചിക്കൻ വില ഉയരുകയാണ്. 200- 220 രൂപയിൽ ആടിക്കളിച്ച വില ഇപ്പോൾ 250 ആയി ഉയർന്നു.




കാലാവസ്ഥ വ്യതിയാനം പറഞ്ഞാണ് കോഴി ഫാം ഉടമകൾ ബ്രോയിലർ കോഴി ഇറച്ചി വില വർദ്ധിപ്പിക്കുന്നത്. ഈ സാഹചര്യത്തിൽ ഇറച്ചി വിൽപ്പന നിർത്തിവയ്‌ക്കുമെന്ന് ചിക്കൻ വ്യാപാരി വ്യവസായി സമിതി അറിയിച്ചു

ഉത്സവ സീസണിൽ പോലും ഇല്ലാത്ത വില വർദ്ധനവിലേക്കാണ് ബ്രോയിലർ കോഴി ഇറച്ചിയുടെ വില കുതിച്ചുയരുന്നത്.

കാലാവസ്ഥ വ്യതിയാനത്തിന്റെ പേരിൽ ചരിത്രത്തിൽ ഇല്ലാത്ത വിലയാണ് കോഴി ഇറച്ചിക്ക് ഫാമുകൾ ഈടാക്കുന്നത്. ഫാമുകളുടെ ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ലെന്നും വിലവർദ്ധനയിൽ പ്രതിഷേധിച്ച് കോഴിക്കോട് ജില്ലയിലെ മുഴുവൻ കോഴിക്കച്ചവടക്കാരും ഈ മാസം 14 മുതൽ അനിശ്ചിതകാല കടയടപ്പു സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് പറഞ്ഞു. യോഗത്തിൽ ജില്ലാ സെക്രട്ടറി മുസ്തഫ കിണാശേരി, ട്രഷറർ സി.കെ. അബ്ദുറഹ്മാൻ, ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, സാദിഖ് പാഷ, സിയാദ്, ആബിദ്, അലി കുറ്റിക്കാട്ടൂർ, നസീർ പുതിയങ്ങാടി എന്നിവർ പ്രസംഗിച്ചു.
 

Post a Comment

Previous Post Next Post
Paris
Paris