അങ്കണവാടികളുടെ ഫിറ്റ്നസ് പരിശോധനയുമായി വനിത ശിശുവികസന വകുപ്പ്


കോഴിക്കോട്: കാലവർഷം എത്തിയതോടെ കുരുന്നുകളുടെ സുരക്ഷ ഉറപ്പാക്കാൻ അങ്കണവാടികളുടെ ഫിറ്റ്നസ് പരിശോധനയുമായി വനിത ശിശുവികസന വകുപ്പ്. കെട്ടിടങ്ങൾ മതിയായ ഫിറ്റ്നസോടെയാണ് പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ഐ.സി.ഡി.എസ് മുഖേനയാണ് പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. ഓരോ പഞ്ചായത്ത് പരിധിയിലെ എ.ഇ.ഒമാർ അങ്കണവാടികൾ പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കി വരികയാണ്. ജില്ലയിലെ എല്ലാ അങ്കണവാടികൾക്കും ഫിറ്റ്‌നസ് സർട്ടിഫിക്കറ്റുണ്ടെന്ന് ഉറപ്പുവരുത്തി ഈ മാസം 15നകം റിപ്പോർട്ട് സമർപ്പിക്കണം. അതേസമയം സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതിനാൽ പല പഞ്ചായത്തികളിലും എ.ഇ.ഒമാരുടെ കുറവ് പ്രതിസന്ധി ഉയർത്തുകയാണ്.കടലുണ്ടിലൈവ്.




സംസ്ഥാനത്തെ പല അങ്കണവാടികളും ഫിറ്റ്നസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് വനിത-ശിശുവികസന വകുപ്പ് കണ്ടെത്തിയ പശ്ചാത്തലത്തിൽ ഏപ്രിൽ 10നകം ഫിറ്റ്‌നസ് ഉറപ്പാക്കാനായിരുന്നു നിർദ്ദേശം. എന്നാൽ, വകുപ്പിന്റെ നിർദ്ദേശം പലരും പാലിച്ചിരുന്നില്ല. കാലവർഷം എത്തിയ സാഹചര്യത്തിൽ സുരക്ഷിതമല്ലാത്ത കെട്ടിടങ്ങളിൽ നിന്ന് എത്രയും വേഗം കുട്ടികളെ മാറ്റാനാണ് വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. 2938 അങ്കണവാടികളാണ് ജില്ലയിലുള്ളത്. ഇതിൽ വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന 450 ഓളം അങ്കണവാടികളാണ് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ പ്രവർത്തിക്കുന്നതെന്നാണ് അധികൃതർ പറയുന്നത്. നഗരപരിധിയിൽ അങ്കണവാടികളുടെ കെട്ടിട വാടക 4000ത്തിൽ നിന്ന് 6000 ആയും ഗ്രാമപ്രദേശങ്ങളിൽ 1000ത്തിൽ നിന്ന് 2000 ആയും വർദ്ധിപ്പിച്ചിട്ടെങ്കിലും പല കെട്ടിടങ്ങളും സുരക്ഷിതമല്ല.

കുട്ടികളുടെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നതൊന്നും അങ്കണവാടികളിലില്ലെന്ന് ഉറപ്പാക്കേണ്ടത് ചൈൽഡ് ഡെവലപ്‌മെന്റ് പ്രൊജക്ട് ഓഫീസറുടെയും സൂപ്പർവൈസറുടെയും ഉത്തരവാദിത്വമാണ്. കെട്ടിടം സുരക്ഷിതമല്ലെന്ന് കണ്ടെത്തിയാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറ്റുകയും കെട്ടിടത്തിന് സർട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം. കെട്ടിടങ്ങൾ പ്രവർത്തിക്കുന്നത് മതിയായ സുരക്ഷാ സംവിധാനത്തോടെയാണെന്ന് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസറോ സൂപ്പർവൈസറോ നേരിൽ കണ്ട് മനസിലാക്കുകയും വേണം.

ഫിറ്റ്നസ് മാനദണ്ഡങ്ങൾ

# 500മുതൽ 600 വരെ ചരുരശ്ര അടി വിസ്തീർണം വേണം

# ബാത്ത്റൂം സൗകര്യം, കുടിവെള്ളം, വെെദ്യുതി എന്നിവ ഉറപ്പു വരുത്തണം

#കുട്ടികൾ ഇരിക്കുന്ന മുറിയിൽ ഗ്യാസ് സൗകര്യം ഉണ്ടാകാൻ പാടില്ല

# അപകട സാദ്ധ്യതയുള്ള മരങ്ങളുണ്ടാകാൻ പാടില്ല
     

Post a Comment

Previous Post Next Post
Paris
Paris