കോഴിക്കോട് : ട്രെയിനുകളിൽ അടിക്കടിയുണ്ടാവുന്ന അതിക്രമങ്ങൾ യാത്രക്കാരെ ആശങ്കയിലാക്കുന്നു. വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരത്തിലധികം പേരാണ് ദൈനംദിന യാത്രയ്ക്കായി ജില്ലയിൽ ട്രെയിനുകളെ ആശ്രയിക്കുന്നത്. എന്നാൽ, ട്രെയിനുകളിൽ അതിക്രമങ്ങൾ ഏറിയതോടെ ഭീതിയിലാണ് യാത്രക്കാർ. എലത്തൂർ ട്രെയിൻ തീവെയ്പ്പിന് പിന്നാലെ കഴിഞ്ഞ ദിവസം കൊയിലാണ്ടിയ്ക്കും വടകരയ്ക്കും ഇടയിൽ കണ്ണൂർ - എറണാകുളം ഇന്റർസിറ്റിയിൽ തീ കത്തിക്കാൻ ശ്രമമുണ്ടായ തോടെ യാത്രക്കാരുടെ ഭീതി ഇരട്ടിച്ചിരിക്കുകയാണ്. മഹാരാഷ്ട്ര സ്വദേശിയായ യുവാവ് കംപാർട്ട്‌മെന്റിനകത്തെ സുരക്ഷാ സ്റ്റിക്കർ പൊളിച്ചെടുത്ത് തീ കൊടുക്കാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണ്ണൂരിൽ നിർത്തിയിട്ട ട്രെയിനിന് തീയിട്ടത്. വന്ദേഭാരത് ട്രെയിനിന് നേരെ കല്ലെറിയുന്ന സംഭവവുമുണ്ടായി. അപകടങ്ങളും അതിക്രമങ്ങളും ഏറുമ്പോഴും യാത്രക്കാരുടെ സുരക്ഷ ശക്തമാക്കാൻ റെയിൽവേ യാതൊന്നും ചെയ്യുന്നില്ലെന്നാണ് യാത്രക്കാരുടെ ആക്ഷേപം.
കനത്ത സുരക്ഷയിലാണ് ട്രെയിനുകളും റെയിൽവേ പരിസരങ്ങളുമെന്നാണ് അധികൃതരുടെ അവകാശവാദം. എന്നാൽ ട്രെയിനിലും റെയിൽവേ ഭൂമിയിലും അതിക്രമിച്ചു കയറുന്നവരുടെ എണ്ണത്തിൽ ഒരു കുറവുമില്ല. രാത്രിയും പകലും റെയിൽവേ ട്രാക്കിലും പ്ലാറ്റ്ഫോമിലുമായി നിരവധി പേരാണ് അതിക്രമിച്ചു കയറുന്നതെന്ന് ആർ.പി.എഫ് തന്നെ സമ്മതിക്കുമ്പോൾ എവിടെയാണ് സുരക്ഷയെന്നാണ് യാത്രക്കാരുടെ ചോദ്യം. ഇങ്ങനെ അതിക്രമിച്ചു കടക്കുന്നവർ ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് കല്ലെറിയുന്നത് പതിവാണെന്നാണ് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറയുന്നത്. റെയിൽവേ ട്രാക്കിന്റെ ആളൊഴിഞ്ഞ ഭാഗങ്ങൾ രാത്രിയായാൽ ഒത്തുകൂടലിന്റെ കേന്ദ്രം കൂടിയാണ്. ലഹരി മാഫിയ മുതൽ മദ്യപസംഘം വരെ ഇക്കൂട്ടത്തിലുണ്ട്.
കമ്പാർട്ടുമെന്റുകളിൽ ടി.ടി.ആർ ഇല്ലാത്ത പ്രശ്നവും യാത്രക്കാർ നേരിടുന്നുണ്ട്. തുടർച്ചയായി എലത്തൂരിലെ ഇന്ധന സംഭരണിക്ക് സമീപം ട്രെയിനുകളിൽ തീപിടിത്തവും തീവെപ്പും ആവർത്തിക്കുന്ന സാഹചര്യത്തിൽ റെയിൽപ്പാത പരിപാലനവും നിരീക്ഷണവും അധികൃതർ കാര്യക്ഷമമാക്കണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. യാത്രക്കാരുടെ സുരക്ഷാ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കോൺഫഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ ദേശീയ വർക്കിംഗ് ചെയർമാൻയാർ ഷെവലിയാർ സി.ഇ. ചാക്കുണ്ണി ആവശ്യപ്പെട്ടു
സുരക്ഷ കർശനമാക്കുന്നതിന്റെ ഭാഗമായി ചെന്നൈ ഡിവിഷനിൽ നിന്ന് 30 സുരക്ഷാ ഉദ്യോഗസ്ഥരെ പാലക്കാട് ഡിവിഷന് കീഴിൽ നിയോഗിച്ചു. ടിക്കറ്റ് പരിശോധന, സംശയാസ്പദമായി കാണുന്നവരെ പരിശോധിക്കാൻ ഇന്ന് മുതൽ സ്‌പെഷ്യൽ കോബിംഗ് ആരംഭിക്കും. ട്രെയിൻ ക്രെം പ്രിവന്റീവ് ഡിക്റ്റക്ഷണൽ സ്‌ക്വാഡും പരിശോധനകളുടെ ഭാഗമാകും. കഴിഞ്ഞ ദിവസം പാലക്കാട് ഡിവിഷനിൽ 15 ദിവസം നീണ്ടുനിന്ന സ്പിക് (സെൽഫ് പ്രൊപ്പൽഡ് ഇൻസ്‌പെക്ഷൻ കാർ) ഉപയോഗിച്ച് ആർ.പി.എഫിന്റെ നേതൃത്വത്തിലുള്ള പരിശോധന നടത്തിയിരുന്നു. റെയിൽവേ ട്രാക്കിൽ ഓടിക്കാവുന്ന ചെറിയ ഇൻസ്‌പെക്ഷൻ വാഗൺ ആണ് സ്പിക്. റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള ജനസാന്ദ്രതയുള്ള പ്രദേശങ്ങളെ തിരിച്ചറിഞ്ഞ് അവിടങ്ങളിലെ ജനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്തു. റെയിൽവേ ട്രാക്കിനോട് ചേർന്ന് നിരവധി വീടുകളുള്ള പ്രദേശങ്ങളിൽ അവിടങ്ങളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കും. ട്രാക്കിനോട് ചേർന്ന് കിടക്കുന്ന സ്‌കൂൾ, കോളേജ് പരിസരങ്ങളെ കുറിച്ചുള്ള ഡാറ്റ തയ്യാറാക്കി ഇവിടങ്ങളിൽ പരിശോധനയും ബോധവത്കരണവും കൂടുതൽ കർശനമാക്കും
Post a Comment