ബേപ്പൂർ : തീരദേശ മേഖലയിലെ വിദ്യാഭ്യാസം കൂടുതൽ വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകാനും തീരപ്രദേശങ്ങളിലെ വിദ്യാഭ്യാസ നിലവാരം ഉയർത്തുവാനും പ്രത്യേക പദ്ധതി സർക്കാർ നടപ്പിലാക്കി വരികയാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂർ ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ആന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന് നിർമ്മിച്ച പുതിയ ഓഡിറ്റോറിയം കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ മുൻഗണനാ മേഖലകളിൽ പ്രധാനപ്പെട്ടതാണ് തീരദേശ വികസനം. തീരദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ഹൈടെക് ശ്രേണിയിലേക്ക് ഉയർത്തുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. തീരദേശ മേഖലയിലെ ജനങ്ങളെ മുഖ്യധാരയുടെ ഭാഗമാക്കി അവരുടെ ജീവിതനിലവാരം ഉയർത്തുവാൻ കഴിയുന്ന വികസന പദ്ധതികൾ സർക്കാർ നടപ്പിലാക്കി വരുന്നുണ്ട്. തീരജനതയെ ചേർത്തുനിർത്തിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.
മത്സ്യത്തൊഴിലാളികളുടെ മക്കളുടെ സമഗ്ര വിദ്യഭ്യാസവും, സ്കൂളിന്റെ സമ്പൂർണ വികസനവും ലക്ഷ്യമാക്കി ഫിഷറീസ് വകുപ്പ് 435 ലക്ഷം രൂപ ഉപയോഗിച്ച് കേരള സംസ്ഥാന തീരദേശ വികസന കോർപ്പറേഷൻ മുഖേന പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓഡിറ്റോറിയം നിർമ്മിച്ചത്.
ചടങ്ങിൽ കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി രേഖ അധ്യക്ഷത വഹിച്ചു. തീരദേശ വികസന കോർപ്പറേഷൻ റീജിയണൽ മാനേജർ പി.കെ രഞ്ജിനി റിപ്പോർട്ട് അവതരിപ്പിച്ചു. കൗൺസിലർമാരായ എം ഗിരിജ ടീച്ചർ, തോട്ടുങ്ങൽ രജനി, കൊല്ലരത്ത് സുരേഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബി.കെ സുധീർ കിഷൻ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ആയിഷ സജ്ന.എം സ്വാഗതവും പി.ടി.എ പ്രസിഡന്റ് കെ.പി സ്വപ്ന നന്ദിയും പറഞ്ഞു.
Post a Comment