മായം കലർന്ന ശർക്കര വിപണിയിൽ സുലഭം; ഒരാഴ്ചയ്ക്കിടെ പിടികൂടിയത് 3500 കിലോ


കോഴിക്കോട്: മായം കലർന്ന ശർക്കര വിപണിയിൽ സുലഭം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 3500 കിലോ ശർക്കരയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ പിടികൂടിയത്. വലിയങ്ങാടി, പേരാമ്പ്ര, നാദാപുരം, വടകര എന്നിവിടങ്ങളിലെ അഞ്ച് സ്ഥാപനങ്ങളിൽ നിന്നായാണ് ഇവ പിടികൂടിയത്. കഴിഞ്ഞ ദിവസം വലിയങ്ങാടിയിൽ 45 കിലോ മായം കലർന്ന ശർക്കര പിടികൂടിയിരുന്നു. ഇന്നലെ മാത്രം പിടികൂടിയത് 400 കിലോ ശർക്കരയാണ്.




തുണികൾക്ക് നിറം നൽകുന്ന സിന്തറ്റിക് ഡൈ ആയ റൊഡോമിൻ ബി കലർന്ന ശർക്കരയാണ് ഇത്തരത്തിൽ പിടിച്ചെടുത്തത്. റോഡമിൻ ബി ചെറിയ അളവിൽപ്പോലും ശരീരത്തിനുള്ളിലെത്തിയാൽ കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് ഇടയാക്കും. പിടിച്ചെടുത്തവയുടെ സാമ്പിൾ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇവയുടെ ഫലം ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും. മലബാർ മേഖലയിൽ മായം ചേർത്ത ശർക്കര വ്യാപകമാണെന്ന് പഠനം നടത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കർശനമാക്കിയത്.

തമിഴ്‌നാട്ടിലെ പളനി, ഡിണ്ടിഗൽ, നെയ്ക്കരപ്പട്ടി എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ശർക്കര എത്തുന്നത്. ഇവയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന കളർ ചേർക്കുന്നതായാണ്‌ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ കണ്ടെത്തൽ. ടാർട്രസീൻ, റോഡമിൻ ബി, ബ്രില്യന്റ്‌ ബ്ലു തുടങ്ങിയ തുണികൾക്ക് നിറം നൽകുന്ന രാസവസ്തുക്കളാണ്‌ അപകടകരമായ അളവിൽ ശർക്കരയിൽ ചേർക്കുന്നത്. വൃക്ക, കരൾ തുടങ്ങിയവയുടെ പ്രവർത്തനത്തെ ഇത് സാരമായി ബാധിക്കുമെന്ന് ഭക്ഷ്യസുരക്ഷാവകുപ്പ് തന്നെ മുന്നറിയിപ്പ് നൽകുന്നു. ഓണം, വിഷു തുടങ്ങിയ ഉത്സവക്കാലത്ത് ശർക്കരയ്ക്ക് ആവശ്യക്കാർ ഏറെയാണ്. ഇത് മുതലെടുത്താണ് വൻതോതിൽ മായം കലർന്ന ശർക്കര വിപണിയിൽ എത്തുന്നത്. കുടിൽ വ്യവസായ യൂണിറ്റുകളിൽ നിന്ന് വ്യാപാരികൾ ശർക്കര എടുക്കുന്നതിനാൽ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കലും എളുപ്പമല്ല. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന അനുസരിച്ച് മാർക്കറ്റിൽ എത്തുന്ന 20 ശതമാനം ശർക്കരയിലാണ് ഇത്തരത്തിൽ കൃത്രിമം കണ്ടെത്തിയത്.



Post a Comment

Previous Post Next Post
Paris
Paris