ചന്ദ്രോപരിതലത്തില്‍ സള്‍ഫര്‍; സ്ഥിരീകരിച്ച്‌ ചന്ദ്രയാന്‍ 3; മറ്റ് മൂലകങ്ങളുടെ സാന്നിദ്ധ്യവും കണ്ടെത്തി


ദില്ലി: ചന്ദ്രോപരിതലത്തില്‍ സള്‍ഫറിന്റെ സാന്നിദ്ധ്യം കണ്ടെത്തിയതായി സ്ഥിരീകരണം. ചന്ദ്രയാൻ 3 ആണ് ചന്ദ്രോപരിതലത്തിലെ സള്‍ഫര്‍ സാന്നിദ്ധ്യം സ്ഥിരീകരിച്ചത്.റോവറിലെ ശാസ്ത്ര ഉപകരണമായ ലിബ്സ് ആണ് കണ്ടെത്തല്‍ നടത്തിയത്. സള്‍ഫറിന് പുറമെ അലുമിനിയം, കാല്‍സ്യം, ക്രോമിയം എന്നീ മൂലകങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യമായിട്ടാണ് മണ്ണില്‍ നേരിട്ട് പരീക്ഷണം നടത്തി സ്ഥിരീകരിക്കുന്നത്.




കഴിഞ്ഞ ദിവസം ചന്ദ്രയാൻ മൂന്ന് പ്രഗ്യാൻ റോവറില്‍ നിന്നുള്ള ആദ്യ ചിത്രങ്ങള്‍ ഇസ്രൊ പുറത്തുവിട്ടിരുന്നു. റോവറിലെ നാവിഗേഷൻ ക്യാമറ പക‍ര്‍ത്തിയ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ആഗസ്റ്റ് 27നാണ് ചിത്രങ്ങള്‍ എടുത്തത്. ചന്ദ്രോപരിതലത്തിലൂടെ മുന്നോട്ട് നീങ്ങുന്നതിനിടെ റോവറിന്റെ മുന്നില്‍ നാല് മീറ്റ‍ര്‍ വ്യാസമുള്ള ഗര്‍ത്തം വന്നു. ഈ ഗ‍ര്‍ത്തം ഒഴിവാക്കാൻ പേടകത്തെ പിന്നോട്ട് നീക്കേണ്ടി വന്നു. ഗര്‍ത്തത്തിന്റെയും പിന്നോട്ട് നീങ്ങിയപ്പോള്‍ റോവറിന്‍റെ ചക്രങ്ങള്‍ ചന്ദ്രോപരിതലത്തിലുണ്ടാക്കിയ പാടുകളുടെയും ചിത്രമാണ് പുറത്തുവിട്ടത്.

ചന്ദ്രയാൻ മൂന്നില്‍ നിന്നുള്ള ആദ്യ ശാസ്ത്ര വിവരങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. ചന്ദ്രനിലെ മണ്ണിന്‍റെ താപസ്വഭാവം പഠിക്കുന്ന ചാസ്തേയില്‍ നിന്നുള്ള വിവരങ്ങളാണ് ഇസ്രൊ പുറത്തുവിട്ടത്. ചന്ദ്രന്റെ മണ്ണിന് മികച്ച താപപ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിവരങ്ങള്‍. ഇതാദ്യമായാണ് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മണ്ണിന്‍റെ താപനില അളക്കപ്പെടുന്നത്.

ചന്ദ്രയാന്‍ മൂന്നിന്‍റെ ലാൻഡറിലെ നാല് പേ ലോഡകളില്‍ ഒന്നാണ് ചാസ്തേ (Chandra's Surface Thermo physical Experiment) ചന്ദ്രോപരിതലത്തിലെ മണ്ണിലെ താപ വ്യതിയാനങ്ങള്‍ പഠിക്കാനുള്ള ഉപകരണമാണ് ഇത്. പത്ത് പ്രത്യേക സെൻസറുകളാണ് ഈ ഉപകരണത്തിലുള്ളത്. ചന്ദ്രോപരിതലം മുതല്‍ അവിടുന്ന് 80 മില്ലിമീറ്റര്‍ താഴെ വരെയുള്ള മണ്ണിലെ താപ വ്യത്യാസമാണ് ആദ്യഘട്ടത്തില്‍ ഉപകരണം അളന്നത്.

സൂര്യന്‍റെ പ്രകാശമുള്ളപ്പോള്‍ ചന്ദ്രന്റെ ഉപരിതല ഊഷ്മാവ് അന്‍പത് ഡിഗ്രി സെല്‍ഷ്യസാണെങ്കിലും, 80 മില്ലീമീറ്റര്‍ താഴെ ഇത് മൈനസ് പത്ത് ഡിഗ്രീ സെല്‍ഷ്യസാണ്. ചന്ദ്രന്‍റെ മണ്ണിന് ഉയര്‍ന്ന താപ പ്രതിരോധ ശേഷിയുണ്ടെന്ന് വ്യക്തം . ചന്ദ്രന്റെ ഉപരിതലത്തിലെ മൃദുവായ മണ്ണിലൂടെ ഉപകരണം മെല്ലെ താഴ്ത്തിയാണ് താപനില അളന്നത്.



Post a Comment

Previous Post Next Post
Paris
Paris