വാഴവെട്ടിയത് തകരാര്‍ പരിഹരിക്കാന്‍, സഹായം നല്‍കും; വിശദീകരണവുമായി വൈദ്യുതിമന്ത്രിയുടെ ഓഫീസ്


ഇടുക്കി: കോതമംഗലം വാരപ്പെട്ടിയില്‍ വൈദ്യുതി ലൈന്‍ കടന്നുപോകുന്ന ഭാഗത്ത് കര്‍ഷകന്‍ നട്ടുവളര്‍ത്തിയ വാഴകള്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ വെട്ടിമാറ്റിയ സംഭവത്തില്‍ വിശദീകരണവുമായി വൈദ്യുതി മന്ത്രിയുടെ ഓഫീസ്. വാഴയില വൈദ്യുതക്കമ്പിയില്‍ത്തട്ടി തീപിടത്തമുണ്ടായിരുന്നുവെന്നും 220 കെവി ലൈനിന്റെ തകരാറ് അടിയന്തരമായി പരിഹരിക്കേണ്ടതുകൊണ്ടാണ് വാഴവെട്ടിയതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.



 
ഇടുക്കി-കോതമംഗലം 220 കെവി ലൈന്‍ പുനഃസ്ഥാപിക്കേണ്ടത് അത്യാവശ്യമായതിനാല്‍, മനുഷ്യ ജീവന് അപകടം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് ലൈനിന് സമീപം വരെ വളര്‍ന്ന വാഴകള്‍ അടിയന്തിരമായി വെട്ടിമാറ്റിയതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. കെ.എസ്.ഇ.ബി ജീവനക്കാര്‍ സ്ഥലപരിശോധന നടത്തിയപ്പോള്‍ സമീപവാസിയായ ഒരു സ്ത്രീയ്ക്ക് ചെറിയ തോതില്‍ വൈദ്യുതാഘാതം ഏറ്റതായും മനസ്സിലാക്കി. ഇടുക്കി ജല വൈദ്യുത പദ്ധതിയില്‍ നിന്നും ലഭിക്കുന്ന അധിക ഉല്‍പ്പാദന ശേഷി ഉപയോഗിക്കണമെങ്കില്‍ പ്രസ്തുത ലൈനിലെ തകരാര്‍ അടിയന്തിരമായി പരിഹരിക്കേണ്ടതുണ്ട്. അടിയന്തിര പ്രാധാന്യമായതിനാലാണ് പെട്ടെന്ന് നടപടി എടുക്കേണ്ട സാഹചര്യമുണ്ടായതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
 
മാനുഷിക പരിഗണന നല്‍കി ഒരു പ്രത്യേക കേസായി പരിഗണിച്ചുകൊണ്ട്, കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി ആലോചിച്ച് ഉചിതമായ സഹായം നല്‍കുന്നതിനുള്ള തീരുമാനം എടുക്കാന്‍ കെഎസ്ഇബിയുടെ പ്രസരണ വിഭാഗം ഡയറക്റ്റര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും വൈദ്യുതി മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Post a Comment

Previous Post Next Post
Paris
Paris