പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമില്ല; വിജ്ഞാപനം പുറത്തിറങ്ങി

തിരുവനന്തപുരം:പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് തീയതിയില്‍ മാറ്റമുണ്ടാകില്ല. സെപ്തംബര്‍ അഞ്ചിന് തന്നെ വോട്ടെടുപ്പ് നടക്കുമെന്ന് അറിയിച്ച് ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങി. ഈ മാസം 17 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. സൂഷ്മ പരിശോധന 18ന്. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 21 ആണെന്ന് വിജ്ഞാപനം വ്യക്തമാക്കുന്നു. രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറു വരെയാണ് പോളിംഗ് നടക്കുക. ഭിന്നശേഷി സൗഹൃദ ബൂത്തുകളും ഹരിതമാര്‍ഗരേഖ പാലിച്ചുള്ള ബൂത്തുകളും ഒരുക്കുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു.  ഓണാഘോഷവും മണര്‍കാട് എട്ട് നോമ്പ് പെരുന്നാളും കണക്കിലെടുത്ത് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ തീയതി നീട്ടണമെന്ന് എല്‍ഡിഎഫ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.





20ന് വിനായക ചതുര്‍ഥിയും 28ന് ഒന്നാം ഓണവും 29ന് തിരുവോണവുമാണ്. ഒന്നാം ഓണ ദിനത്തില്‍ അയ്യന്‍കാളി ജയന്തിയും നാലാം ഓണദിനത്തില്‍ ശ്രീനാരായണ ഗുരുജയന്തിയുമാണ്. ഇതിനൊപ്പം മണര്‍കാട് സെന്റ് മേരീസ് പള്ളിയില്‍ എട്ട് നോമ്പ് സെപ്തംബര്‍ ഒന്നുമുതല്‍ എട്ടുവരെയാണ് നടക്കുന്നത്. ഇക്കാര്യങ്ങള്‍ കണക്കിലെടുത്ത് വോട്ടെടുപ്പ് തീയതി നീട്ടണമെന്നാണ് എല്‍ഡിഎഫ് നേതാക്കള്‍ ആവശ്യപ്പെട്ടത്. നേരത്തെ യുഡിഎഫും തെരഞ്ഞെടുപ്പ് നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. ജൂലൈ ഒന്നിന് മുന്‍പ് അപേക്ഷിച്ച വരെ മാത്രമേ പുതുതായി വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തൂയെന്ന തീരുമാനം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റംഗം വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post
Paris
Paris