പണിക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് കിട്ടിയ സ്വർണ്ണമാല ഉടമസ്ഥനെ ഏൽപിച്ച് തൊഴിലുറപ്പ് തൊഴിലാളി


മുക്കം :  കാരശ്ശേരി പഞ്ചായത്തിലെ പതിനെട്ടാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കാണ് ഈ മാസം രണ്ടാം തീയതി തൊഴിലുറപ്പ് പണിക്കിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന് രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കിട്ടിയത്. പറമ്പിന്റെ ഉടമസ്ഥൻ വീട്ടിൽ ഇല്ലാത്തതിനാൽ സ്വർണ്ണം കിട്ടിയ തൊഴിലുറപ്പ് തൊഴിലാളി പ്രസന്ന കൂവപ്പാറ അത് വീട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവിനോടും മകനോടും കാര്യം പറഞ്ഞു. ആനയാംകുന്ന് സ്കൂളിലെ ഒരു അധ്യാപകന്റെ സ്വർണ്ണമാല മുമ്പ് നഷ്ടപ്പെട്ടിരുന്ന വിവരം മകൻ പറഞ്ഞതനുസരിച്ച് അദ്ദേഹത്തെ ഫോണിൽ വിളിച്ചു. എന്നാൽ തന്റെ നഷ്ടപ്പെട്ട സ്വർണം തനിക്ക് തിരിച്ചു ലഭിച്ച മറുപടി കിട്ടിയതോടെ ഉടമസ്ഥനെ എങ്ങനെയെങ്കിലും കണ്ടെത്തണം എന്ന ചിന്തയിലായിരുന്നു പ്രസന്ന.യഥാർത്ഥ ഉടമസ്ഥനെ കണ്ട് കിട്ടാൻ അങ്ങനെ പത്രത്തിലും സോഷ്യൽ മീഡിയയിലും അറിയിപ്പ് നൽകാനും തീരുമാനിച്ചു...




 പിറ്റേദിവസം തങ്ങൾ പണിയെടുക്കുന്ന സ്ഥലത്തിന്റെ ഉടമ വയലിൽ ഗഫൂറിന്റെ വീട്ടിൽ ചെന്ന് സ്വർണ്ണമാല അദ്ദേഹത്തെ ഏൽപ്പിക്കുകയും കാര്യങ്ങൾ അവരെ ധരിപ്പിക്കുകയും ചെയ്തു. സ്വർണ്ണമാല കണ്ടപ്പോഴാണ് വർഷങ്ങൾക്കു മുമ്പ് തന്റെ പറമ്പിൽ കുറച്ച് ആളുകൾ ഒരു സ്വർണ്ണമാല തിരയുന്ന കാര്യം അദ്ദേഹം ഓർത്തെടുത്തത്. അദ്ദേഹത്തിന്റെ കൂടെ അന്നുണ്ടായിരുന്ന ആളെ പരിചയമുള്ളതുകൊണ്ട് അയാളെ ഫോണിൽ വിളിച്ച് കാര്യങ്ങൾ പറഞ്ഞു. അങ്ങനെയാണ് തേക്കുംകുറ്റി അനു എബ്രഹാം കുറ്റ്യാങ്ങൽ എന്ന ടിപ്പർ ലോറി തൊഴിലാളി തന്റെ നഷ്ടപ്പെട്ട മാലയുടെ ചിത്രം ഉൾപ്പെടെ ആയി അദ്ദേഹത്തിന്റെ അടുത്ത് വരുന്നത്. തെളിവുകളെല്ലാം ശരിയായി വന്നപ്പോൾ ആയത് ഇന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, മുക്കം എസ് ഐ, വാർഡ് മെമ്പർ എന്നിവരുടെ സാന്നിധ്യത്തിൽ അനുവിന് തൊഴിലാളി പ്രസന്ന കൂവപ്പാറ കൈമാറി. രണ്ടുവർഷവും പത്തുമാസവും കഴിഞ്ഞാണ് അത് അനുവിന് തിരിച്ചു കിട്ടുന്നത്. അന്ന് ഒരു ബൈക്ക് അപകടത്തെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയപ്പോൾ പേടിച്ച് സ്വർണ്ണമാല കീശയിലിട്ട് ഈ പറമ്പിലൂടെ ഓടിപ്പോയതാണ് അദ്ദേഹം. കീശയിൽനിന്ന് താഴെപ്പോയ മാല അന്വേഷിച്ച് അന്ന് രാത്രിയും പിറ്റേന്നും പറമ്പ് മുഴുവൻ നടന്നെങ്കിലും കിട്ടിയില്ല. അധ്വാനിച്ച് ഉണ്ടാക്കിയ സ്വർണ്ണമാല നഷ്ടപ്പെട്ട വലിയ മാനസിക പ്രയാസമുണ്ടായിരുന്നു അനുവിന്.ഒരിക്കലും ലഭിക്കില്ലെന്ന് ഉറപ്പിച്ച മാലയാണ് ഇപ്പോൾ തൊഴിലുറപ്പ് തൊഴിലാളികളിലൂടെ അനുവിനെ തിരിച്ചുകിട്ടിയത്. ആയതിന് കാരണക്കാരിയായ പ്രസന്ന യോടും അവരുടെ സുഹൃത്തുക്കളോടും എല്ലാവരോടും നന്ദി പറഞ്ഞു മധുരം നൽകിയാണ് അദ്ദേഹം തിരിച്ചു പോയത്. വലിയ സാമ്പത്തിക പ്രയാസവും കഷ്ടപ്പാടുകളും ഉണ്ടായിട്ടും സത്യസന്ധത കാത്തുസൂക്ഷിച്ച തൊഴിലുറപ്പ് തൊഴിലാളികൾ ഗ്രാമപഞ്ചായത്തിന് അഭിമാനമാണെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വിപി സ്മിത പറഞ്ഞു. പ്രസിഡണ്ടിന് പുറമേ വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ,വാർഡ് മെമ്പർ കുഞ്ഞാലി മമ്പാട്ട്,മുക്കം എസ് ഐ. മനോജ്‌ കുമാർ, എ എസ് ഐ നൗഫൽ, MGNREGS എൻജിനീയർ ഷാഫി, ഓവർസിയർ സയീദ് എ. കെ,അംജദ്, എൻ. പി ഖാസിം, കെ. ഡി. ജോസഫ്, സാദിഖ് കുറ്റി പറമ്പ്,തൊഴിലുറപ്പ് മാറ്റുമാരായ റുക്‌മിണി, വർഷ,എന്നിവർ സന്നിഹിതരായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris