സംസ്ഥാനത്ത് അക്ഷയസെന്റർ നടത്തിപ്പിൽ വ്യാപക ക്രമക്കേട്


തിരുവനന്തപുരം : അക്ഷയസെന്റർ നടത്തിപ്പിൽ വ്യാപക ക്രമക്കേടെന്ന് വിജിലൻസ്.“ഓപ്പറേഷൻ ഇ--സേവ” എന്ന പേരിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അക്ഷയ സെന്ററുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ഇന്നലെ രാവിലെ 11 മുതൽ ഒരേ സമയം സംസ്ഥാനതല മിന്നൽ പരിശോധന നടത്തി.




കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാടിയിൽ 2002-ൽ പ്രവർത്തനമാരംഭിച്ച അക്ഷയ സെന്ററിലും ഇടുക്കി വണ്ടിപ്പെരിയാറിൽ 2008-ൽ ആരംഭിച്ച അക്ഷയ സെന്ററിലും കോട്ടയം മണർക്കാട് 2009-ൽ ആരംഭിച്ച അക്ഷയ സെന്ററിലും തിരുവനന്തപുരം വട്ടപ്പാറയിൽ 2010-ൽ ആരംഭിച്ച അക്ഷയ സെന്ററിലും ആലപ്പുഴ കായംകുളത്ത് 2013 ജനുവരിയിൽ ആരംഭിച്ച അക്ഷയ സെന്ററിലും മറ്റു നിരവധി അക്ഷയ സെന്ററുകളിലും നാളിതു വരെ അക്ഷയ ജില്ലാ കോർഡിനേറ്റർമാർ പരിശോധന നടത്തിയിട്ടില്ലെന്ന് ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ വിജിലൻസ് കണ്ടെത്തി.

കോഴിക്കോട് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന അക്ഷയ സെന്ററിൽ നിന്നും ജില്ലാ അക്ഷയ കേന്ദ്രം പ്രോജക്റ്റ് ഓഫീസർക്ക്, 2022 ജൂൺ മാസത്തിലും, പത്തനംതിട്ട മരാമണിലെ ഒരു അക്ഷയ സെന്ററിൽ നിന്നും ജില്ലാ കോർഡിനേറ്റർക്ക് 2022 നവംബർ മാസത്തിലും ഗൂഗിൾ പേ വഴി പണം നൽകിയിട്ടുള്ളതായും വിജിലൻസ് കണ്ടെത്തി.

അക്ഷയസെന്റർ പ്രവർത്തിക്കുന്ന റൂമിൽ മറ്റു സ്ഥാപനങ്ങൾ പാടില്ല എന്നതിന് വിരുദ്ധമായി കൊല്ലം കൊട്ടിയത്തെ അക്ഷയ കേന്ദ്രത്തിൽ കമ്പ്യൂട്ടർ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നുവെന്നും കണ്ടെത്തി. സർക്കാർ ഉത്തരവ് പ്രകാരം അക്ഷയ കേന്ദ്രങ്ങളുടെ നടത്തിപ്പിന് നിർബന്ധമായും ഡിജിറ്റൽ ക്യാമറ വേണമെന്ന് നിർദേശിച്ചിട്ടുണ്ടെങ്കിലും സംസ്ഥാനത്തെ ചില അക്ഷയ സെന്ററുകളിൽ ഡിജിറ്റൽ ക്യാമറയും സർക്കാർ ഉത്തരവുകൾ പ്രകാരമുള്ള മറ്റ് അനുബന്ധ ഉപകരണങ്ങളും നിലവിലില്ലായെന്നും കണ്ടെത്തി.

അക്ഷയസെന്ററുകളുടെ പ്രവർത്തനം സുതാര്യമാക്കുന്നതിനും പൊതുജനങ്ങൾക്ക് അക്ഷയസെന്ററുകൾ മുഖേന സർക്കാർ നിശ്ചയിച്ച ഫീസിൽ മെച്ചപ്പെട്ട സേവനം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതിന് വരും ദിവസങ്ങളിലും ഇത് സംബന്ധിച്ച പരിശോധന തുടരുമെന്നും മിന്നൽ പരിശോധനയിൽ കണ്ടെത്തിയ അപാകതകളെപ്പറ്റി വിശദമായ റിപ്പോർട്ട് മേൽനടപടികൾക്കായി സർക്കാരിന് നൽകുമെന്നും വിജിലൻസ് ഡയറക്ടർ ടി. കെ . വിനോദ്‌കുമാർ അറിയിച്ചു.

ഇന്നലെ നടന്ന മിന്നൽ പരിശോധനയിൽ അക്ഷയസെന്ററുകളെ സമീപിക്കുന്ന പൊതുജനങ്ങളിൽ നിന്നും ഓരോ ആവശ്യങ്ങൾക്കും ഈടാക്കാവുന്ന ഫീസിനെ സംബന്ധിച്ച് സർക്കാർ വ്യക്തമായ ഉത്തരവ് നൽകിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായി സർക്കാർ നിശ്ചയിച്ച തുകയിൽ നിന്നും കൂടുതലായി സേവന ഫീസ് ചില അക്ഷയസെന്ററുകൾ ഈടാക്കുന്നുണ്ട്. വാങ്ങുന്ന ഫീസിന് കമ്പ്യൂട്ടർ നിർമിത രസീത് നൽകണമെന്ന ഉത്തരവ് സംസ്ഥാനത്തെ മിക്ക അക്ഷയസെന്റർ ഉടമകളും പാലിക്കുന്നില്ല.

ഓരോ ദിവസത്തെയും സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച് ക്യാഷ് ബുക്ക് എഴുതി സൂക്ഷിക്കണമെന്ന് പറയുന്നുവെങ്കിലും മിക്ക സ്ഥാപനങ്ങളിലും അത് ചെയ്യുന്നില്ല. അക്ഷയ സെന്ററിൽ പൊതുജനങ്ങൾക്ക് ഇത്തരം പരാതി എഴുതാൻ രജിസ്റ്റർ വെക്കണമെന്നും ഈ രജിസ്റ്റർ ജില്ലാ അക്ഷയ പ്രോജക്റ്റ് കോർഡിനേറ്റർ പരിശോധിക്കണമെന്ന് പറയുന്നെങ്കിലും ഒട്ടുമിക്ക അക്ഷയസെന്ററിലും പരാതി രജിസ്റ്ററുകൾ പോലും ഇല്ലായെന്നും സർക്കാർ നിഷ്കർഷിച്ച തരത്തിലുള്ള ഭൗതികസാഹചര്യങ്ങളും കമ്പ്യൂട്ടർ ഉപകരണങ്ങളും പല അക്ഷയ സെന്റുകളിലും ഇല്ലായെന്നും, അക്ഷയ സെന്ററുകൾ പരിശോധിക്കുവാൻ ഉത്തരവാദപ്പെട്ട ജില്ല അക്ഷയ സെന്റർ ഉദ്യോഗസ്ഥർ ക്രമക്കേടുകൾക്ക് കൂട്ടു നിൽക്കുന്നതായും മിന്നൽ പരിശോധനയിൽ കണ്ടെത്തി.

Post a Comment

Previous Post Next Post
Paris
Paris