തൊണ്ടിലക്കടവ് പാലം പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി മുഹമ്മദ് റിയാസ്



ഒളവണ്ണ : കുന്ദമംഗലം, ബേപ്പൂർ നിയോജക മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിച്ച്‌ തൊണ്ടിലക്കടവിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടിലക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. പാലത്തിനായി സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കി സാങ്കേതികാനുമതി ലഭ്യമാക്കിയാണ് പാലം പ്രവൃത്തി ആരംഭിക്കാൻ പോകുന്നത്. ദീർഘകാലത്തെ പ്രദേശവാസികളുടെ ആവശ്യമാണ് ഇതോടുകൂടി പൂർത്തിയാകുന്നതെന്നും മന്ത്രി പറഞ്ഞു.




മൂന്ന് വർഷം കൊണ്ട് 50 പാലങ്ങളുടെ പ്രവൃത്തി പൂർത്തീകരിക്കുക എന്ന ലക്ഷ്യം രണ്ടു വർഷങ്ങൾക്കുള്ളിൽ തന്നെ പൂർത്തീകരിക്കാൻ സാധിച്ചു. 68 പാലങ്ങളാണ് ഈ കാലയളവിനുളളിൽ പൂർത്തീകരിച്ചത്. ദേശീയപാത വികസനം ജില്ലയിൽ 2024 നകവും സംസ്ഥാനത്ത് 2025 നുള്ളിലും പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സമയത്തും കേരളം വേഗതയാർന്ന വികസന പ്രവർത്തനങ്ങളുമായ് മുന്നോട്ടു പോകുകയാണെന്നും മന്ത്രി പറഞ്ഞു.
പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. സൂപ്രണ്ടിംഗ് എഞ്ചിനീയർ പി.കെ രമ റിപ്പോർട്ട് അവതരിപ്പിച്ചു.

ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ ബി.കെ കനാലിന് കുറുകെ നിർമ്മിക്കുന്ന പാലത്തിന്റെ മറുകര കോഴിക്കോട് കോർപ്പറേഷനിലാണ് സ്ഥിതിചെയ്യുന്നത്.
ഇൻലാന്റ് നാവിഗേഷൻ റൂട്ട് പരിഗണിച്ച് മധ്യഭാഗത്ത് നിർമ്മിക്കുന്ന 55 മീറ്റർ നീളത്തിലുള്ള ബ്രൗസ്ട്രിംഗ് ആർച്ച് സ്പാൻ ഉൾപ്പെടെ 11 സ്പാനുകളാണ് 180 മീറ്റർ നീളത്തിൽ നിർമ്മിക്കുന്ന പാലത്തിനുണ്ടാവുക. പാലത്തിന്റെ ഇരുഭാഗങ്ങളിലുമായി അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനുള്ള തുകയും പദ്ധതിയിൽ വകയിരുത്തിയിട്ടുണ്ട്.

പാലം യാഥാർഥ്യമാകുന്നതോടെ ഒളവണ്ണ ഭാഗത്ത് നിന്നുള്ള യാത്രക്കാർക്ക് ചെറുവണ്ണൂർ, ഫറോക്ക് ഭാഗങ്ങളിലേക്കുള്ള യാത്ര എളുപ്പമാകും. ദേശീയപാതയിൽ അരീക്കാട് ജംഗ്ഷനിൽ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പാലം സഹായകമാകും. 20.4 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പാലത്തിന്റെ കരാർ എടുത്തത് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്.

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ ശൈലജ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ശാരുതി,
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രവീന്ദ്രൻ പറശ്ശേരി, ഒളവണ്ണ ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ സിന്ധു എം, കോർപ്പറേഷൻ കൗൺസിലർ പ്രേമലത തെക്ക് വീട്ടിൽ, മറ്റു രാഷ്ട്രിയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
ചീഫ് എഞ്ചിനീയർ ഹൈജീൻ ആൽബർട്ട് സ്വാഗതവും, എക്സിക്യൂട്ടീവ് എഞ്ചിനിയർ അജിത്ത് സി.എസ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris