ചെറൂപ്പ സി.എച്ച്.സി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ തീരുമാനം


മാവൂർ : ചെറൂപ്പ സി.എച്ച്.സിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് തീരുമാനമായി. ചെറൂപ്പ സി.എച്ച്.സിയില്‍ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുന്ന വിഷയം യോഗം വിളിച്ചുചേര്‍ത്ത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജിന് പി.ടി.എ റഹീം എം.എല്‍.എ കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി നേരിട്ട് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയുണ്ടായത്. ഇതോടെ ചെറൂപ്പ ആശുപത്രിക്ക് മുൻപിൽ സംയുക്ത സമരസമിതി നടത്തി വന്ന സമരം ഇന്ന് 5:00 യോടെ അവസാനിപ്പിച്ചു.






ചെറൂപ്പ ആശുപത്രി മെഡിക്കല്‍ കോളജിന്റെ സബ് സെന്ററായതിനാല്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ട് ചെലവഴിക്കുന്നതിനുള്ള നിയന്ത്രണം എടുത്തുകളയുന്നതിനും നേരത്തേ ഷിഫ്റ്റ് ചെയ്ത ഡോക്ടറുടെ തസ്തിക തിരിച്ചുകൊണ്ട് വരുന്നതിനും വര്‍കിംഗ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റിയവരെ ചെറൂപ്പയിലേക്ക് തിരികെയെത്തിക്കുന്നതിനും ഉത്തരവിറക്കും.






ഡോക്ടര്‍ വന്ദന ദാസിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ കോടതി നിരീക്ഷണവും സര്‍ക്കാര്‍ ഉത്തരവുമാണ് നിലവിലുള്ള പ്രതിസന്ധിക്കിടയാക്കിയതെന്നും പ്രസ്തുത തീരുമാനം മാറ്റാന്‍ സാങ്കേതികമായ തടസ്സങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളജിന്റെ ട്രൈനിംഗ് സെന്ററാക്കി നിലനിര്‍ത്തിക്കൊണ്ട് ആശുപത്രിയുടെ പ്രവര്‍ത്തനം വിപുലീകരിക്കുമെന്നും മാവൂര്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ ഇല്ലാത്ത പ്രശ്നം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി യോഗത്തില്‍ വ്യക്തമാക്കി.




ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് അനീഷ്, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പി മാധവന്‍, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ ഷിയോലാല്‍, മാവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി രഞ്ജിത്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി അബ്ദുല്‍ ഖാദര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയരക്ടര്‍, ആരോഗ്യ വകുപ്പ് ഡയരക്ടര്‍, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ചെറൂപ്പ സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, വിവിധ വകുപ്പ് ഉദ്യേഗസ്ഥര്‍ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris