ഐപിസിയും സിആര്‍പിസിയും ഇനിയില്ല; ക്രിമിനല്‍ നിയമങ്ങളെ പൊളിച്ചെഴുതുന്ന ബില്‍ കേന്ദ്രം അവതരിപ്പിച്ചു

 

ന്യൂഡല്‍ഹി : ഇന്ത്യന്‍ പീനല്‍ കോഡ്, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരം പുതിയ നിയമം കൊണ്ടുവരുന്ന മൂന്ന് ബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. ബില്ലുകള്‍ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് വിടും. രാജ്യത്തെ നിലവിലുള്ള ക്രിമിനല്‍ നിയമങ്ങള്‍ ബ്രിട്ടീഷുകാരുണ്ടാക്കിയതാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ പാര്‍ലമെന്റില്‍ പുതിയ ബില്ലുകള്‍ അവതരിപ്പിച്ചത്.




'ഓഗസ്റ്റ് 16 മുതല്‍, സ്വാതന്ത്ര്യത്തിന്റെ 75 മുതല്‍ 100 വര്‍ഷം വരെയുള്ള പാതയിലേക്ക് കടക്കുകയാണ്. അടിമത്ത മാനസികാവസ്ഥ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പ്രതിജ്ഞയെടുത്തതാണ്. അതിന്റെ ഭാഗമായിട്ടാണ് ഞങ്ങള്‍ ഐപിസി (1857), സിആര്‍പിസി (1858), ഇന്ത്യന്‍ എവിഡന്‍സ് ആക്ട് (1872) എന്നിവ അവസാനിപ്പിക്കുന്നത്', അമിത് ഷാ പറഞ്ഞു.

അവകാശ സംരക്ഷണം ഉറപ്പാക്കാന്‍ അവയുടെ സ്ഥാനത്ത് തങ്ങള്‍ മൂന്ന് പുതിയ നിയമങ്ങള്‍ കൊണ്ടുവരും. ശിക്ഷയല്ല നീതി നല്‍കാനാണ് അത് ലക്ഷ്യമിടുന്നതെന്നും അമിത് ഷാ പറഞ്ഞു. ക്രിമിനല്‍ നിയമങ്ങളിലെ അടിമത്തത്തിന്റെ 475 അടയാളങ്ങള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളിപ്പോള്‍ ഭയപ്പാടോടെയാണ് കോടതിയില്‍ പോകുന്നത്. കോടതിയില്‍ പോകുന്നത് ശിക്ഷയാണെന്നാണ് അവര്‍ കരുതുന്നതും ഷാ പറഞ്ഞു.

ഐപിസിക്ക് പകരം 'ഭാരതീയ ന്യായ സംഹിത'യാണ് പുതിയ നിയമം. ഐപിസിയില്‍ 511 സെക്ഷുകൾ ഉണ്ടായിരുന്നതെങ്കില്‍ ഭാരതീയ ന്യായ സംഹിതയില്‍ 356 സെക്ഷനുകളാണ് ഉണ്ടാവുക. 175 സെക്ഷനുകള്‍ ഭേദഗതി ചെയ്യും.

സിആര്‍പിസിക്ക് പകരം ഭാരതീയ നാഗരിക് സുരക്ഷാ സഹിംത എന്ന പേരിലാണ് പുതിയ നിയമം അവതരിപ്പിച്ചിട്ടുള്ളത്. ഇന്ത്യന്‍ തെളിവ് നിയമത്തിന് പകരം ഭാരതീയ സാക്ഷ്യ എന്ന പേരിലും പുതിയ നിയമം വരും.

വിവാദമായ രാജ്യദ്രോഹ നിയമം (ഐപിസിയുടെ 124 എ വകുപ്പ്) ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവ അപകടപ്പെടുത്തുന്ന നിയമങ്ങളായി പുതിയ സംഹിതയില്‍ മാറ്റുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

'ആരെങ്കിലും, മനഃപൂര്‍വ്വം അല്ലെങ്കില്‍ അറിഞ്ഞുകൊണ്ട് വാക്കുകളിലൂടെ, സംസാരത്തിലൂടെ, എഴുത്തിലൂടെ, ദൃശ്യങ്ങളിലൂടെ,ഇലക്ട്രോണിക് ആശയവിനിമയം വഴി അല്ലെങ്കില്‍ സാമ്പത്തിക മാര്‍ഗങ്ങള്‍ എന്നിവയിലൂടെ വിഘടനവാദ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതോ ഇന്ത്യയുടെ പരമാധികാരമോ ഐക്യമോ അഖണ്ഡതയോ അപകടപ്പെടുത്തുന്നതോ പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുകയോ ചെയ്താല്‍ ജീവപര്യന്തം തടവോ ഏഴ് വര്‍ഷം വരെ തടവോ പിഴയോ ശിക്ഷയായി ലഭിക്കും' പുതിയ നിയമം അവതരിപ്പിച്ച ബില്ലിനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

2020-ലാണ് ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡെന്‍സ് ആക്ട് എന്നിവ പരിഷ്‌കരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചത്. അന്നത്തെ ഡല്‍ഹി നാഷണല്‍ ലോ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലറായിരുന്ന പ്രൊഫസര്‍ ഡോ രണ്‍ബീര്‍ സിംഗ് അധ്യക്ഷനായ സമിതിയില്‍ അന്നത്തെ എന്‍എല്‍യു-ഡി രജിസ്ട്രാര്‍ പ്രൊഫസര്‍ ഡോ. ജി.എസ്. ബാജ്പേയ്, ഡിഎന്‍എല്‍യു വിസി പ്രൊഫസര്‍ ഡോ ബല്‍രാജ് ചൗഹാന്‍, മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജഠ്മലാനി എന്നിവരും ഉള്‍പ്പെടുന്നു.
             

Post a Comment

Previous Post Next Post
Paris
Paris