ബെംഗളൂരു: ഇന്ത്യയുടെ പ്രഥമ സൗര പര്യവേക്ഷണ പേടകം ആദിത്യ എൽ-1ന്റെ ആദ്യഘട്ട ഭ്രമണപഥം ഉയർത്തൽ വിജയകരമെന്ന് ഐ.എസ്.ആർ.ഒ. പേടകത്തിന്റെ പ്രവർത്തനം സാധാരണ നിലയിൽ തുടരുന്നുവെന്ന് ഐ.എസ്.ആർ.ഒ., എക്സ് പ്ലാറ്റ് ഫോമിൽ പങ്കുവെച്ചു. അടുത്തഘട്ടം സെപ്തംബർ അഞ്ചിന് പുലർച്ചെ മൂന്നുമണിക്കായിരിക്കും.
നാലുമാസത്തിനകം ഭ്രമണപഥം നാലുതവണ ഉയർത്തി ഭൂമിയിൽനിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള ലക്ഷ്യസ്ഥാനമായ ഒന്നാം എൽ-1 പോയന്റിൽ പേടകമെത്തും. ഇവിടെനിന്ന് തടസ്സങ്ങളില്ലാതെ സൂര്യനെ തുടർച്ചയായി നിരീക്ഷിക്കാനും പഠിക്കാനും സാധിക്കും.
ശനിയാഴ്ച രാവിലെ 11.50-നായിരുന്നു ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്സ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്ന് പി.എസ്.എൽ.വി. സി-57 റോക്കറ്റ് പേടകവുമായി കുതിച്ചുയർന്നത്. 64 മിനിറ്റിനുശേഷം 648.7 കിലോമീറ്റർ ദൂരത്ത് ആദിത്യ വേർപെട്ടതോടെ ദൗത്യം വിജയിച്ചതായി ഇന്ത്യൻ ബഹിരാകാശസംഘടന (ഐ.എസ്.ആർ.ഒ.) പ്രോജക്ട് ഡയറക്ടർ എസ്.ആർ. ബിജു അറിയിച്ചു.
Post a Comment