കോഴിക്കോട്: താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ വന്‍ 'മയക്കുമരുന്ന് ക്യാമ്പ്' കണ്ടെത്തി. ഷെഡ് കെട്ടിയുണ്ടാക്കിയ ക്യാമ്പില്‍ മയക്കുമരുന്ന് ഉപയോഗവും വിൽപനയുമാണ് നടക്കുന്നത്. ആയുധധാരികളും നായകളും കാവലായുണ്ട്. ഇന്നലെ രാത്രി ലഹരി മാഫിയ ആക്രമിച്ച വീടിന് സമീപമാണ് പൊലീസ് മയക്കുമരുന്ന് ക്യാമ്പ് കണ്ടെത്തിയത്. വീട്ടില്‍ സിസിടിവി സ്ഥാപിച്ചതിനായിരുന്നു ആക്രമണം. ബഹളം കേട്ട് ഓടിയെത്തിയ യുവാവിന് വെട്ടേറ്റു.
അമ്പലമുക്ക് കൂരിമുണ്ട സ്വദേശി മന്‍സൂറിന്‍റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. കല്ലേറില്‍ ജനല്‍ചില്ലുകള്‍ തകര്‍ന്നു. വീട്ടുകാരെ മര്‍ദിക്കാനും ശ്രമിച്ചു. 15 അംഗ സംഘമാണ് ആക്രമണം നടത്തിയത്. ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ഇര്‍ഷാദിനാണ് മര്‍ദനമേറ്റതും വെട്ടേറ്റതും. ഇര്‍ഷാദിനെ അടുത്തുള്ള ആശുപത്രിയിലേയ്ക്ക് മാറ്റി. വീട്ടിലുണ്ടായിരുന്ന വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. അക്രമത്തിന്‍റെ പശ്ചാത്തലത്തില്‍ മന്‍സൂറിന്‍റെ വീടിന് പൊലിസ് സുരക്ഷ ഏര്‍പ്പെടുത്തി. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഇതു കൂടാതെ പൊലീസിന് നേരെ കല്ലേറുമുണ്ടായി. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്
Post a Comment