തിരുവനന്തപുരം:തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വിജയം ഉമ്മന്‍ചാണ്ടിയുടെ മരണത്തേത്തുടര്‍ന്നുണ്ടായ സഹതാപതരംഗം മൂലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ താക്കീതായ കാണാന്‍ സാധിക്കില്ലെന്നും സഹതാപതരംഗത്തിനു മുന്നില്‍ സര്‍ക്കാരിനെ പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. എ.കെ.ജി സന്ററില്‍ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടിയുടെ മരണം ഉണ്ടാക്കിയ സഹതാപതരംഗമാണ് തിരഞ്ഞെടുപ്പിലുണ്ടായത്. ഇക്കാര്യം നേരത്തെ ഞങ്ങള്‍ക്ക് അറിയാം. അതുകൊണ്ടാണ് വലിയ അവകാശവാദങ്ങളൊന്നും ഉന്നയിക്കാതിരുന്നത്. കുത്തിയൊഴുകിയ സഹതാപതരംഗത്തിന്റെ ഘട്ടത്തിലും പാര്‍ട്ടിയുടെ അടിത്തറയില്‍ ചോര്‍ച്ചയില്ലാതെ മുന്നോട്ടുപോകാന്‍ സാധിച്ചിട്ടുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
തിരഞ്ഞെടുപ്പ് ഫലം സര്‍ക്കാരിനെതിരായ താക്കീതായ കാണാന്‍ സാധിക്കില്ല. സഹതാപതരംഗത്തിനു മുന്നില്‍ സര്‍ക്കാരിനെ പറഞ്ഞിട്ട് കാര്യമില്ല. ഉമ്മന്‍ചാണ്ടിയുടെ പതിമൂന്നാമത്തെ ജയമാണിതെന്ന് ചാണ്ടി ഉമ്മന്‍ തന്നെ പറഞ്ഞിട്ടുണ്ട്.അതില്‍നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്.
സഹതാപതരംഗമാണ് പുതുപ്പള്ളിയിലെ യുഡിഎഫ് വിജയത്തിനു കാരണം. അതാണ് വസ്തുത. മറ്റ് ചേര്‍ത്തുപറയുന്നതൊക്കെ രാഷ്ട്രീയമാണ്. അത് പിന്നീട് ചര്‍ച്ചചെയ്യാം.
ബിജെപിയുടെ നല്ലൊരു ശതമാനം വോട്ട് യു.ഡി.എഫിന് അനുകൂലമായി പോയി
ബിജെപിക്ക് 19,000 വരെ വോട്ട് കിട്ടിയ മണ്ഡലമാണിത്. കഴിഞ്ഞവര്‍ഷം 10,000-ന് മേലെ വോട്ട് കിട്ടിയിരുന്നു. ഇപ്പോള്‍ അതിന്റെ പകുതി മാത്രമേ കിട്ടിയിട്ടുള്ളൂ. ബാക്കി വോട്ടുകള്‍ എവിടെപ്പോയി? ബിജെപി വോട്ടുകള്‍ അടക്കമാണ് ഇപ്പോള്‍ കോണ്‍ഗ്രസിന് കിട്ടിയിരിക്കുന്ന ഭൂരിപക്ഷമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
സഭാനേതൃത്വത്തിന്റെ നിലപാട് പലപ്പോഴും യുഡിഎഫിന് അവര്‍ക്കനുകൂലമായിട്ടായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍, സഭാവിശ്വാസികള്‍ മുഴുവനായി യുഡിഎഫിന് അനുകൂലമായ നിലപാട് സ്വീകരിച്ചു എന്നൊന്നും പറയാന്‍ സാധിക്കില്ല. എല്ലാ മേഘലകളില്‍നിന്നും എല്‍ഡിഎഫിന് വോട്ട് കിട്ടിയിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫലം ഒരു ആഘാതവും പാര്‍ട്ടിക്ക് ഉണ്ടാക്കിയിട്ടില്ല.എല്‍ഡിഎഫിന് 12,000 -ഓളം വോട്ടുകള്‍ കുറഞ്ഞത് പരിശോധിക്കും. ആരുടെയൊക്കെ വോട്ടുകള്‍ കിട്ടിയിട്ടുണ്ടെന്ന കാര്യവും പരിശോധിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇപ്പോഴത്തെ വിജയം ആവര്‍ത്തിക്കുമെന്നത് യുഡിഎഫിന്റെ സ്വപ്‌നം മാത്രമാണെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു
Post a Comment