സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും.. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം,പത്തനംതിട്ട, ആലപ്പുഴ,ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. ബാക്കി ജില്ലകൾക്ക് യെല്ലോ അലർട്ടാണ്. അറബിക്കടലിനു മുകളിലായി സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും. ഇതേ തുടർന്ന് വരുന്ന അഞ്ച് ദിവസം കൂടി വ്യാപക മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കരമന, നെയ്യാർ, വാമനപുരം നദികളിൽ പ്രളയ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.മഴ തുടരുന്ന പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.




കേരള സർവകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റിയിട്ടുണ്ട്. അതേസമയം പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല.അതേസമയം തലസ്ഥാനത്ത് മഴയ്ക്ക് അൽപം ശമനമുണ്ടെങ്കിലും ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. കഴക്കൂട്ടം, വെള്ളായണി, കുറ്റിച്ചൽ അടക്കമുള്ള പല പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. പാർവതി പുത്തനാറും തെറ്റിയാറും കരകവിഞ്ഞതോടെ കഴക്കൂട്ടം വെള്ളക്കെട്ടായി മാറി. കുമാരപുരത്തും സ്ഥിതി വ്യത്യസ്തമല്ല.. ജില്ലയിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി 875 പേരെ മാറ്റിപാർപ്പിച്ചു.പ്രളയകാലത്ത് പോലും മുങ്ങാത്ത പല ഇടങ്ങളും വെളത്തിനടിയിലായത് സർക്കാരിനെയും ജനങ്ങളെയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. ജില്ലയിൽ നിയന്ത്രണാതീതമായ സാഹചര്യം ഉണ്ടെന്നാണ് റവന്യു വകുപ്പിന്റെ വിലയിരുത്തൽ.ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ ഉള്ളതിൽ 16 എണ്ണവും തിരുവനന്തപുരം താലൂക്കിലാണ്. മഴ മുന്നറിയിപ്പു നിലനിൽക്കുന്നതിനാൽ വിനോദസഞ്ചാരത്തിനും ഖനന പ്രവർത്തനങ്ങൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.

Post a Comment

Previous Post Next Post
Paris
Paris