കോഴിക്കോട് : ദീപാവലി സീസണായ നവംബര്‍ രണ്ടാം വാരം രാജ്യത്തെ പ്രധാന റൂട്ടുകളിലെ വിമാന ടിക്കറ്റുകളുടെ നിരക്കില്‍ 50 ശതമാനം വരെ വർധനയാണുണ്ടായത്. കേരളം, ഗോവ, കാശ്മീര്‍, രാജസ്ഥാന്, നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലേക്കാണ് ആഭ്യന്തര സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കൂടുന്നതെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു. ദീപാവലി നാളുകളിലെ ബോംബെ- ന്യൂഡല്‍ഹി വിമാന ടിക്കറ്റ് നിരക്ക് 28 ശതമാനം ഉയര്‍ന്ന് 9,000 രൂപയ്ക്ക് അടുത്തെത്തി.
രാജ്യത്തെ പ്രമുഖ വിമാന കമ്പനികള്‍ പലതും കടുത്ത പ്രതിസന്ധിയെത്തുടർന്ന് സര്‍വീസ് നിർത്തിയതിനാല്‍ ആവശ്യം കൂടുന്നതനുസരിച്ച് വിപണിയില്‍ ടിക്കറ്റ് ലഭ്യമല്ലെന്ന സാഹചര്യവുമുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം രണ്ട് മാസം മുമ്പ് ഗോ ഫസ്റ്റ് സര്‍വീസ് നിർത്തിയിരുന്നു. മറ്റൊരു പ്രമുഖ എയര്‍ലൈനായ സ്പൈസ് ജെറ്റിനും ധന പ്രതിസന്ധിയെത്തുടർന്ന് ആവശ്യത്തിന് സര്‍വീസ് നടത്താന്‍ കഴിയുന്നില്ല. നിലവില്‍ ഇന്‍ഡിഗോ, എയര്‍ ഇന്ത്യ തുടങ്ങിയ ചുരുക്കം കമ്പനികളാണ് ഇന്ത്യയുടെ ആകാശം അടക്കി ഭരിക്കുന്നത്.ഗോ ഫസ്റ്റും സ്പൈസ് ജെറ്റും ഉള്‍പ്പെടെയുള്ള പ്രമുഖ കമ്പനികള്‍ പ്രതിസന്ധിയില്‍ തുടരുന്നതിനാല്‍ മറ്റ് വിമാന കമ്പനികള്‍ക്ക് മികച്ച ടിക്കറ്റ് നിരക്ക് ഈടാക്കാന്‍ കഴിയുന്ന സാഹചര്യമാണുള്ളത്.വിപണിയിലെ ഉണര്‍വും പര്‍ച്ചേസിങ് പവറിലുണ്ടായ വർധനയും കാരണം രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ ആറ് മാസമായി സ്ഥിരതയാര്‍ന്ന വളര്‍ച്ചയാണ് ദൃശ്യമാകുന്നത്. ഡിമാന്‍ഡ് ഗണ്യമായി കൂടിയതോടെ വിമാന കമ്പനികള്‍ക്ക് ലാഭകരമായി ടിക്കറ്റ് നിരക്ക് നിശ്ചയിക്കാന്‍ കഴിയുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. നടപ്പു വര്‍ഷം ആദ്യ ആറു മാസക്കാലയളവില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 40 ശതമാനത്തിലധികം വർധനയുണ്ടായെന്നാണ് അനൗദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇക്കാലയളവില്‍ രാജ്യത്തെ വിമാനത്താവളങ്ങള്‍ മൂന്ന് കോടിയിലധികം യാത്രക്കാരെ കൈകാര്യം ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
Post a Comment