ന്യൂഡല്‍ഹി: ഫലസ്തീന് സഹായവുമായി ഈജിപ്തിലേക്ക് ഇന്ത്യൻ വിമാനം പുറപ്പെട്ടു. 6.5 ടണ്‍ വൈദ്യസഹായവും 32 ടണ്‍ ദുരിതാശ്വാസ സാമഗ്രികളുമാണ് ഇന്ത്യ എത്തിക്കുന്നത്. അവശ്യവസ്തുക്കൾ ഫലസ്തീനികളിലേക്ക് എത്തിക്കുന്നത് ഈജിപ്ത് വഴിയാണ്. ഈജിപ്തിലെ അല്‍-ഐറിഷ് വിമാനത്താവളത്തിലേക്കാണു വിമാനം പോകുന്നത്. ഇവിടെനിന്ന് അതിര്‍ത്തി വഴിയാവും ഗാസയിലേക്ക് സഹായം എത്തിക്കുക.
''ഫലസ്തീനിലെ ജനങ്ങള്‍ക്കായി 6.5 ടണ്‍ മെഡിക്കല്‍ സഹായവും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റര്‍ വിമാനം ഈജിപ്തിലെ അല്‍-ഐറിഷ് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു''; വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി എക്സിലൂടെ അറിയിച്ചു.ടെന്റുകൾ, സ്ലീപ്പിങ് ബാഗുകൾ, ജലശുദ്ധീകരണത്തിനുള്ള ടാബ്ലെറ്റുകൾ തുടങ്ങിയ അവശ്യവസ്തുക്കളും ഇന്ത്യ നൽകിയ സഹായത്തിൽ ഉൾപ്പെടുന്നു. നേരത്തെ ഫലസ്തീന് നൽകി വരുന്ന സഹായം തുടരുമെന്നും ആവശ്യമെങ്കിൽ അധിക സഹായം നൽകുമെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അവശ്യവസ്തുക്കളുമായി വിമാനം പുറപ്പെട്ടിരിക്കുന്നത്. 'ഫലസ്തീനിലെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ ജനതയുടെ സമ്മാനം' എന്ന് സഹായ പായ്ക്കുകളില്‍ ഒട്ടിച്ചിട്ടുണ്ട്.
Post a Comment