മഴ കനക്കുന്നു; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്, അടിയന്തര യോഗം വിളിച്ച് സർക്കാർ



തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർച്ച് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. സംസ്ഥാനത്തെ മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ സർക്കാർ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ജി.ആർ അനിൽ, ആന്റണി രാജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.




സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴക്കെടുതി രൂക്ഷമാണ്. തിരുവനന്തപുരത്ത് മലയോര- നഗരമേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങി. കഴക്കൂട്ടത്ത് നാല്‍പതിലധികം വീടുകള്‍ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് നിര്‍മ്മാണത്തിലിരുന്നതടക്കം രണ്ട് വീടുകള്‍ തകര്‍ന്നു. വാമനപുരം തെറ്റിയാര്‍ നദികള്‍ കരകവിഞ്ഞൊഴുകി. കൊച്ചുവേളിയില്‍ റെയില്‍വേ ട്രാക്കില്‍ വെള്ളം കയറി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ജില്ലയില്‍ അഞ്ചിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്.

ഇന്നും ഇന്നലെയുമായി പെയ്ത മഴയാണ് തിരുവനന്തപുരത്തെ ആകമാനം വെള്ളത്തില്‍ മുക്കിയത്. രാത്രി പുലര്‍ന്നപ്പോള്‍ പല വീടുകള്‍ക്കുള്ളിലും വെള്ളം കയറി. നഗരത്തെയും മലയോര മേഖലകളെയും മഴ ഒരു പോലെ ബാധിച്ചു.ടെക്നോപാര്‍ക്കിലെ താഴത്തെ നിലയില്‍ വെള്ളം നിറഞ്ഞു. ആറ്റിങ്ങല്‍, മംഗലപുരം, കഠിനംകുളം, അണ്ടൂർക്കോണം എന്നിവിടങ്ങളിലെ നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നെല്ലാം ആളുകളെ മാറ്റിയിട്ടുണ്ട്.ന്നലെ വൈകുന്നേരം മുതൽ നിർത്താതെ പെയ്ത മഴയിൽ എറണാകുളം ജില്ലയിൽ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. മരടിൽ പച്ചക്കറി മാർക്കറ്റും റോഡുകളും വെള്ളത്തിനടിയിലായി. ഈ ഭാഗങ്ങളിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. എറണാകുളം പള്ളത്താകുളങ്ങരയിൽ കാർ തോട്ടിലേക്ക് മറിഞ്ഞു. കാറിൽ ഉണ്ടായിരുന്നവർ നിസ്സാര പരിക്കേറ്റു. തൃശ്ശൂർ മലക്കപ്പാറ റോഡിൽ മണ്ണിടിഞ്ഞു. ഇന്ന് ചരക്ക് വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post
Paris
Paris