കാടിളക്കിയുള്ള പ്രചാരണ കോലാഹലങ്ങള്‍ നടത്തിയിട്ടും പോളിംഗ് ശതമാനം 70.5 മാത്രമായ പാലക്കാട് ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞു. ഫലമറിയാൻ ഇനി 2 ദിനം. ഓരോ ബൂത്ത് കേന്ദ്രീകരിച്ചിട്ടുള്ള കണക്കുകൂട്ടല്‍ നടത്തി ജയപരാജയങ്ങള്‍ നിർണയിക്കുകയാണ് സ്ഥാനാർത്ഥികളും പാർട്ടികളും.
പോളിംഗ് ശതമാനം കുറവാണെങ്കിലും വിജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളും.
2021ല്‍ വെറും 3000ത്തോളം വോട്ടുകള്‍ക്ക് മാത്രം ഇ. ശ്രീധരന്‍ പരാജയപ്പെട്ട മണ്ഡലം ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കാമെന്ന കണക്കൂകൂട്ടലിലാണ് ബിജെപി. ഷാഫി പറമ്പില്‍ കടുത്ത മത്സരം നേരിട്ട മണ്ഡലത്തില്‍ രാഹുലിന് വിജയിച്ച് കയറാന്‍ കഴിയുന്ന സാഹചര്യമുണ്ടെന്നാണ് കോണ്‍ഗ്രസ് ക്യാമ്പ് കണക്കുകൂട്ടുന്നത്. മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്താണെങ്കിലും പ്രചാരണത്തില്‍ നിറഞ്ഞ് നിന്നത് സരിന് ഗുണകരമാകുമെന്നും 13 വര്‍ഷങ്ങള്‍ക്ക് ശേഷം മണ്ഡലം തിരിച്ചുപിടിക്കുമെന്നുമാണ് സിപിഎം പ്രതീക്ഷ പങ്കുവയ്ക്കുന്നത്. ഇനി കണക്കുകളിലേക്ക് വന്നാല്‍ പാലക്കാട് നഗരസഭ, പിരായിരി, മാത്തൂര്‍, കണ്ണാടി ഗ്രാമപഞ്ചായത്തുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് മണ്ഡലം. 52 വാര്‍ഡുകളുള്ള നഗരസഭയിലാണ് മണ്ഡലത്തിലെ പകുതിയില്‍ അധികം വോട്ടുകളും ഉള്ളത്.
ഗ്രാമ മേഖലയില്‍ വോട്ട് കുറഞ്ഞതും നഗരസഭയില്‍ മെച്ചപ്പെട്ട പോളിംഗ് നടന്നതും ബിജെപിക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. ഷാഫി പറമ്പിലും ഇ ശ്രീധരനും ഏറ്റുമുട്ടിയപ്പോള്‍ 6238 വോട്ടുകളുടെ ലീഡ് അന്ന് ബിജെപിക്ക് പാലക്കാട് നഗരം സമ്മാനിച്ചു. 52വാര്‍ഡുകളില്‍ 28 എണ്ണം ബിജെപി കൗണ്‍സിലര്‍മാരുള്ളതാണ്. യുഡിഎഫിന് 18ഉം എല്‍ഡിഎഫിന് ആറും കൗണ്‍സിലര്‍മാരാണുള്ളത്. 2021ല്‍ 6000ല്‍ അധികം വോട്ടിന്റെ ലീഡ് കിട്ടിയ ബിജെപിക്ക് മാസങ്ങള്‍ മുൻപ് കൃഷ്ണകുമാര്‍ ലോക്‌സഭയിലേക്ക് മത്സരിച്ചപ്പോള്‍ നഗരസഭയില്‍ നിന്ന് ലഭിച്ചത് വെറും 497 വോട്ടുകളുടെ ലീഡ് മാത്രമാണ്.ഇ ശ്രീധരന് ലഭിച്ച വോട്ടുകള്‍ കൃഷ്ണകുമാറിന് ലഭിക്കില്ലെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗം ഉണ്ടായപ്പോള്‍ പോലും നഗരസഭയില്‍ ലീഡ് നിലനിര്‍ത്താന്‍ കഴിഞ്ഞത് പ്രതീക്ഷയോടെയാണ് ബിജെപി ക്യാമ്പ് കാണുന്നത്. ഇ. ശ്രീധരന് 34,143 വോട്ടുകള്‍ കിട്ടിയ നഗര മേഖലയില്‍ കൃഷ്ണകുമാറിന് 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കിട്ടിയത് 29,355 വോട്ടുകള്‍ മാത്രമാണ്.
നഗര മേഖലയില്‍ 7000- 8000 വോട്ടുകളുടെ ലീഡ് ലഭിച്ചാല്‍ മാത്രമേ മണ്ഡലത്തില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം തന്നെ നഗര മേഖലയില്‍ മറ്റ് മുന്നണികളേക്കാള്‍ പതിനായിരത്തില്‍ അധികം വോട്ടുകള്‍ക്ക് പിന്നില്‍ നില്‍ക്കുന്ന സിപിഎമ്മിന് ഗ്രാമീണ മേഖലയിലെ വോട്ടുകളില്‍ നിന്ന് ഇതിനെ മറികടക്കാനുള്ള സാദ്ധ്യതയും കുറവാണ്. പി സരിന്‍ എത്രത്തോളം വോട്ട് നഗരമേഖലയില്‍ നേടുന്നുവെന്നതും ബിജെപി - കോണ്‍ഗ്രസ് സാദ്ധ്യതകളെ ബാധിക്കും.
പാലക്കാട് നഗരസഭയില്‍ ഉള്‍പ്പെടെ മുന്നിലെത്തിയിട്ടുള്ള മുന്‍ എംപിയും ഇപ്പോള്‍ മന്ത്രിയുമായ എംബി രാജേഷ് പ്രചാരണത്തിന് നേതൃത്വം നല്‍കിയത് എല്‍ഡിഎഫിന് പ്രതീക്ഷ നല്‍കുന്നുണ്ട്. അതുകൊണ്ട് തന്നെ വോട്ടിംഗ് ശതമാനത്തിലൂന്നി കൃത്യമായ ഒരു മേല്‍ക്കൈ ആര്‍ക്കെന്ന് പ്രവചിക്കുക അസാദ്ധ്യം. നഗരസഭയിലെ വോട്ടെണ്ണുമ്പോള്‍ കുറഞ്ഞത് 7000 വോട്ടിന്റെ ലീഡ് നേടിയാല്‍ മാത്രമേ ബിജെപിക്ക് വിജയപ്രതീക്ഷ വയ്‌ക്കേണ്ടതുള്ളൂ. നഗര മേഖലയില്‍ സിപിഎം നിലമെച്ചപ്പെടുത്താതിരിക്കുകയും ബിജെപി ലീഡ് 7000 കടക്കാതിരിക്കുകയും ചെയ്താല്‍ നേരിയ വോട്ടുകള്‍ക്ക് രാഹുല്‍ വിജയിച്ച് കയറാനുള്ള സാദ്ധ്യതയാണ് കൂടുതല്‍. മുന്‍ തിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് പാറ്റേണ്‍ വിശകലനം ചെയ്യുമ്പോഴാണ് ഈ കണക്കുകളിലേക്ക് എത്തുന്നത്.
Post a Comment