അന്തർ ജില്ലാ മോഷ്ടാവ് പിടിയിൽ


മാവൂർ: ജില്ലക്കകത്തും പുറത്തുമായി ചെറുകിട കടകൾ കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങൾ നടത്തിയ യുവാവിനെ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എ. ഉമേഷിന്റെ നിർദ്ദേശപ്രകാരം മാവൂർ സബ്ബ് ഇസ്പെക്ടർ സലിം മുട്ടത്തും സിറ്റിക്രൈം സ്ക്വാഡും ചേർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടി. പള്ളിക്കൽ ബസാർ സ്വദേശി പ്രവീൺ ഒടയോള(35)യാണ് ഇന്നലെ രാത്രിയോടെ വലയിലായത്. 




മാവൂരിലുള്ള ടൈലറിങ് ഷോപ്പിലും തൊട്ടടുത്തുള്ള പച്ചക്കറിക്കടയിലും കഴിഞ്ഞ ആഴ്ചയാണ് മോഷണം നടന്നത്. കടയുടെ ചുമരിൽ അള്ളിപ്പിടിച്ചുകയറി ചെറിയ വിടവിലൂടെ അകത്ത് കടന്ന പ്രതി കടയിൽ സൂക്ഷിച്ച അൻപതിനായിരം രൂപയാണ് മോഷ്ടിച്ചത്. മോഷണവിവരമറിഞ്ഞ ഉടൻതന്നെ മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ എ.ഉമേഷ് സിറ്റി ക്രൈം സ്ക്വാഡിനെ അന്വേഷണസംഘത്തിലുൾപ്പെടുത്തി പ്രതിയ്ക്കായി തിരച്ചിൽ ആരംഭിച്ചു. മുൻകാല കേസുകളിലെ പ്രതികളെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രദേശവാസിയായ യുവാവ് മുങ്ങിയ വിവരം പോലീസിന് ലഭിക്കുന്നത്.

 സെൻട്രിങ് ജോലിക്ക് പോകാറുള്ള പ്രതിയെ കുറിച്ച് സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ പ്രതി ഹോം നഴ്സ് ആയി എറണാകുളം തൃശ്ശൂർ ജില്ലകളിലും ആശാരിയായി പള്ളിക്കൽബസാറിലും ജോലിചെയ്തതായി വിവരം ലഭിച്ചു. ഇതിനിടെ പ്രതി ഗോവയിൽ ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെ ക്കുറിച്ചും അന്വേഷണ സംഘത്തിന് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പ്രതിയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നതിനായി ഒരു സംഘം ഗോവയിലേക്ക് തിരിച്ചു. ഗോവയിലെ പോലീസ് സംഘം മഡ്ഗോവയിൽ നിന്നും പ്രതി ട്രെയിൻമാർഗ്ഗം കോഴിക്കോട്ടേക്ക് പുറപ്പെട്ടിട്ടുണ്ടെന്നവിവരം കൈമാറിയതിനെ തുടർന്ന് കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

രാത്രിയിൽ തൻ്റെ ബൈക്കിൽ കറങ്ങി നടന്ന് മോഷ്ടിക്കാൻ തക്ക കടകൾ കണ്ടെത്തും. ഓടിളക്കിയാണ് പ്രതി അകത്ത് കടക്കുന്നത്. പെൻസിൽ ടോർച്ചിൻ്റെ വെളിച്ചത്തിൽ തൻ്റെ കയ്യിലെ ടൂൾസ് ഉപയോഗിച്ച് മേശ കുത്തിത്തുറന്ന് മോഷണം നടത്തി രക്ഷപ്പെടുകയാണ് ചെയ്യാറ്. ആഡംബര ജീവിതം നയിക്കാനായി മോഷണം നടത്തുന്നത് ചെറിയ കടകളിലാണ്. ഒരു രാത്രി ഒന്നിലധികം കടകളിൽ മോഷണം നടത്തിയാലും ആരും പരാതിപ്പെടില്ലെന്നതാണ് പ്രതിക്ക് മുതൽകൂട്ടായത്.താൻ ഹോം നഴ്സായി ജോലിചെയ്യുന്ന സമയം ചാലക്കുടിയിലുൾപ്പെടെ ഇരുപതോളം കടകളിൽ സമാനമായ രീതിയിൽ മോഷണം നടത്തിയതായി പ്രതി പോലീസിനോട് സമ്മതിച്ചു. സിസിടിവി ക്യാമറകൾ ഉണ്ടാവില്ലെന്നതുകൊണ്ടാണ് ഇത്തരം കടകൾ മാത്രം തിരഞ്ഞെടുത്ത് മോഷണം നടത്തുന്നതെന്നാണ് പ്രതി പറഞ്ഞത്. നിരവധി അമ്പലങ്ങളിലും കടകളിലും മോഷണം നടത്തിയ ജോഷിത്ത്@കുട്ടൂസനെ സിറ്റി ക്രൈം സ്ക്വാഡും മാവൂർ പോലീസും ചേർന്ന് പിടികൂടിയതിന് പുറകെയാണ് ഈ അറസ്റ്റ്. ഇതോടെ വിവിധ ജില്ലകളിലെ നാൽപതോളം കേസുകൾക്കാണ് തുമ്പുണ്ടായത്. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ , എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, ഷഹീർ പെരുമണ്ണ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം, മാവൂർ സബ് ഇൻസ്പെക്ടർ സലിം മുട്ടത്ത്, സീനിയർ സി.പി.ഓ.മാരായ മുഹമ്മദ്,കെ. പ്രമോദ് ,
 പി.മുഹമ്മദ്, ഷിബു എ കെ, ഹാരിസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

Previous Post Next Post
Paris
Paris