മുക്കം: ലഹരിമൂലമുള്ള അതിക്രമങ്ങളും സാമൂഹ്യ വിപത്തുകളും വർധിച്ച സാഹചര്യത്തിൽ ലഹരി പ്രതിരോധത്തിന് കർമപദ്ധതിയുമായി കാരശ്ശേരി ഗ്രാമപഞ്ചായത്ത്.ഇന്നലെ പോലീസ്, എക്സൈസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നടന്ന സർവകക്ഷി യോഗത്തിലാണ് വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തത്.
മാർച്ച് 23 ഞായറാഴ്‌ച രാത്രി പത്ത് മണിക്ക് നൈറ്റ് മാർച്ച് സംഘടിപ്പിക്കും.
നോർത്ത് കാരശ്ശേരിയിൽ നടക്കുന്ന നൈറ്റ് മാർച്ചിൽ ജനപ്രതിനിധികൾ, പോലീസ് എക്സൈസ് ഉദ്യോഗസ്ഥർ, സാമൂഹ്യ- സാംസ്കാരിക- സന്നദ്ധ പ്രവർത്തകർ, ക്ലബ് ഭാരവാഹികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. വാർഷിക പരീക്ഷ കഴിഞ്ഞ് വിദ്വാലയങ്ങൾ അടക്കുന്ന ദിവസം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും ലഹരി വിരുദ്ധ അസംബ്ലി നടക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിനായി പഞ്ചായത്ത് വിദ്യാഭ്യാസ കമ്മറ്റി യോഗം ചേരും. ഇന്ന് മുസ്ലീം പള്ളികളിൽ ലഹരി വിരുദ്ധ ബോധവൽക്കരണവും നടക്കും. പദ്ധതികൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സുനിത രാജൻ ചെയർപേഴ്സണും സെക്രട്ടറിയുടെ ചാർജ് വഹിക്കുന്ന അസി.സെക്രട്ടറി സുരേഷ് കുമാർ കൺവീനറുമായി പഞ്ചായത്ത് തല കമ്മറ്റിയും രൂപീകരിച്ചു. വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, നടുക്കണ്ടി അബൂബക്കർ, സലീംവലിയ പറമ്പ്, യു.പി അബ്ദുൽ ഹമീദ് എന്നിവർ കോ-ഓർഡിനേറ്റർമാരുമാണ്.വാർഡ് തലത്തിൽ വാർഡ് മെമ്പർമാർ ചെയർമാൻമാരും അംഗനവാടി ടീച്ചർമാർ കൺവീനറുമായി ജാഗ്രത സമിതിയും രൂപീകരി ക്കും. ഇത്തരം പ്രവർത്തനങ്ങളിലൂടെ ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലഹരി മാഫിയയുടെ പ്രവർത്തനം ഇല്ലാതാക്കുകയാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വെക്കുന്നത്.
നോർത്ത് കാരശ്ശേരി ഹൈവേ റസിഡൻസിയിൽ നടന്ന യോഗം
കുന്നമംഗലം റെയ്ഞ്ച് എക്സൈസ് ഇൻസ്പെക്ടർ ടി .കെ നിഷിൻ കുമാർ ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുനിതാ രാജൻ അധ്യക്ഷത വഹിച്ചു.
മുക്കം എസ്. ഐ. ടി സജിൻ, സിവിൽ എക്സൈസ് ഓഫീസർ അർജുൻ ശേഖർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ, ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അശ്റഫ് തച്ചാറമ്പത്, ശിവദാസൻ കരോട്ടിൽ, കെ. കൃഷ്ണദാസ്, റുഖിയറഹീം, ആസൂത്രണ സമിതി ഉപാധ്യക്ഷൻ എം. ടി സെയ്ദ് ഫസൽ,രാഷ്ട്രീയപാർട്ടി പ്രതിനിധികളായ സമാൻ ചാലൂളി, യൂനുസ് പുത്തലത്ത്, പി.പിജാഫർ , മെഡിക്കൽ ഓഫീസർ നന്ദകുമാർ,എ. പി മുരളീധരൻ, അബൂബക്കർ നടുക്കണ്ടി,യു .പി ഹമീദ്, നിസ്സാം കാരശ്ശേരി, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സംസാരിച്ചു
Post a Comment