വിശുദ്ധിയുടെ മാസത്തിന് പത്തരമാറ്റ് തിളക്കം നല്‍കുന്ന രാവാണ് ലൈലത്തുല്‍ ഖദ്ര്‍. വിശ്വാസി സമൂഹത്തിന് ഏറെ പ്രതീക്ഷകളുള്ള രാവ്. ഒരു വര്‍ഷത്തിലെ ഏറ്റവും പുണ്യരാത്രിയാണിത്. ഖദ്ര്‍ എന്ന പദത്തിനര്‍ഥം വിധി, തീരുമാനം, മഹത്ത്വം എന്നൊക്കെയാണ്. ഈ രാത്രിയിലെ ആരാധനയ്ക്ക് ലൈലത്തുല്‍ ഖദ്ര്‍ ഇല്ലാത്ത ആയിരം മാസത്തെ ആരാധനകളെക്കാള്‍ പുണ്യമുണ്ടെന്ന് വിശുദ്ധ ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നു.
ലൈലത്തുല്‍ ഖദ്റിന്റെ ദിവസം നബിക്ക് അല്ലാഹു അറിയിച്ചു കൊടുത്തിരുന്നുവെന്നാണ് വിശ്വാസം. അതുതന്നെ അനുചരന്മാര്‍ക്ക് പറഞ്ഞുകൊടുക്കാന്‍വേണ്ടി പുറപ്പെട്ട പ്രവാചകന്‍ കണ്ടത് മുസ്ലിങ്ങളിലെ രണ്ടുപേര്‍ തമ്മില്‍ ശണ്ഠകൂടുന്നതാണ്. ഉടനെ അല്ലാഹു ആ ജ്ഞാനം ഉയര്‍ത്തി. ഇതിനാല്‍ ലൈലത്തുല്‍ ഖദ്ര്‍ ഇന്ന ദിവസമാണെന്ന് കൃത്യമായി പറയാന്‍ സാധ്യമല്ല. സൂക്ഷ്മജ്ഞാനികളായ പണ്ഡിതന്മാരധികവും പല തെളിവുകളും നിരത്തി സമര്‍ഥിക്കുന്നത് റംസാനിന്റെ അവസാന പത്തിലാണ് അതെന്നാണ്.
ഖുര്‍ആനില്‍നിന്നുള്ള സാഹചര്യ നിഗമനങ്ങളുടെയും ഹദീസ് പാഠങ്ങളുടെയും സച്ചരിതരായ പണ്ഡിത മഹത്തുക്കളുടെ മഹദ് വചനങ്ങളുടെയും അടിസ്ഥാനത്തില്‍ ലൈലത്തുല്‍ ഖദ്ര്‍ റംസാന്‍ 27-ാം രാവില്‍ ആകാനുള്ള സാധ്യത ഏറെയാണ്. ഇരുപത്തിയേഴാം രാവിലാണ് ലൈലത്തുല്‍ ഖദ്ര്‍ എന്നതിന് പ്രശസ്ത ഖുര്‍ആന്‍ വ്യാഖ്യാതാവ് ഇബ്നു അബ്ബാസ് വിശുദ്ധഖുര്‍ആനില്‍നിന്ന് തെളിവ് കണ്ടെടുക്കുന്നത് ഇങ്ങനെയാണ്. ലൈലത്തുല്‍ ഖദ്ര്‍ പ്രതിപാദിച്ച സൂറത്തില്‍ മുപ്പത് വാക്കുകളാണുള്ളത്. റംസാന്റെ ആകെ ദിനങ്ങളുടെ എണ്ണവും അതുതന്നെ. അതില്‍ ലൈലത്തുല്‍ ഖദ്റിനെ പ്രത്യേകമായി സൂചിപ്പിക്കുന്നത് 27-ാമത്തെ പദമാണ്. പവിത്രമായ ആ രാവ് 27-നാണെന്നതിന് ഇതില്‍ സൂചനയുണ്ട്. ആ രാവ് ശാന്തവും തെളിഞ്ഞ് സുന്ദരവുമായിരിക്കും. അന്നത്തെ ചന്ദ്രശോഭ പൗര്‍ണമി ദിനത്തിലേതുപോലെ തിളക്കമാര്‍ന്നതായിരിക്കും.
Post a Comment