റമദാനിൽ രാത്രികാലങ്ങളിൽ ഫുൾജാർ സോഡ ഉൾപ്പെടെ ആരോഗ്യത്തിന് ഹാനികരമാകുന്ന ശീതളപാനീയങ്ങളും അനുവദനീയമായ അളവിൽ കൂടുതലായി പ്രിസർവേറ്റീവ് ചേർത്ത ഉപ്പിലിട്ടതും വിൽക്കുന്നത് നിരോധിച്ച് കൊടുവള്ളി നഗരസഭ ആരോഗ്യവകുപ്പ്.
മഞ്ഞപ്പിത്തം വ്യാപകമായി പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പരിശോധനയും നടപടികളും കർശനമാക്കുന്നതെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു പറഞ്ഞു.
അനധികൃത പാനീയങ്ങളുടെ എല്ലാ കച്ചവടവും നിരോധിക്കാൻ തീരുമാനിച്ചതായും കർശന പരിശോധനകൾക്ക് നടപടി സ്വീകരിച്ചതായും നഗരസഭ സെക്രട്ടറി കെ സുധീറും അറിയിച്ചു.
നഗരസഭയുടെ പ്രത്യേക അനുമതിയോടെ പ്രവർത്തിക്കുന്ന കച്ചവടസ്ഥാപനങ്ങൾ അംഗീകൃത മിനറൽ വാട്ടർ ജാർ ഉപയോഗിച്ച് പാനീയങ്ങൾ തയാറാക്കണം. ഉപയോഗിക്കുന്ന മിനറൽ വാട്ടറിന്റെ കൃത്യമായ രേഖകൾ കടയിൽ ഉണ്ടായിരിക്കണം. ഹെൽത്ത് കാർഡും കുടിവെള്ളം പരിശോധിച്ച സർട്ടിഫിക്കറ്റും എല്ലാ സ്ഥാപനങ്ങളിലും ഉണ്ടായിരിക്കണം. സർട്ടിഫിക്കറ്റ് സ്ഥാപനത്തിൽ പ്രദർശിപ്പിക്കണം.
കടയിലെ മലിനജലവും മാലിന്യവും ഓടയിലേക്കോ പൊതുസ്ഥലത്തേക്കോ ഒഴുക്കിവിടരുത്. ഇങ്ങനെ ചെയ്‌താൽ പ്രോസിക്യൂഷൻ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കും. ഇഫ്താർ സംഗമങ്ങളിൽ നിരോധിത പ്ലാസ്റ്റിക് വസ്തുക്കളായ പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവയുടെ ഉപയോഗം പൂർണമായും ഒഴിവാക്കണം. പുനരുപയോഗ സാധ്യതയുള്ള സ്റ്റീൽ പാത്രങ്ങളും പ്ലേറ്റുകളും ഉപയോഗിക്കണം. നോമ്പ് തുറക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിച്ച് പാനീയങ്ങൾ തയ്യാറാക്കണം. ഹരിത പ്രോട്ടോകോൾ പാലിക്കുന്നു എന്ന് ഉറപ്പുവരുത്തണം. നിർദേശങ്ങൾ പൂർണമായി പാലിച്ച് നഗരസഭയുടെ നടപടികളോട് സഹകരികരിക്കണമെന്ന് നഗരസഭ ആരോഗ്യവകുപ്പ് അഭ്യർത്ഥിച്ചു.
Post a Comment