കട്ടാങ്ങൽ : നിശ്ചിത സമയത്ത് ബജറ്റ് തയ്യാറാക്കാത്തതിനെ തുടർന്ന് ചാത്തമംഗലം ഗ്രാമപഞ്ചായത്തിന്റെ 2025 -26 വാർഷിക ബജറ്റ് പ്രതിസന്ധിയിൽ. മാർച്ച് ആദ്യവാരം ബജറ്റ് അവതരിപ്പിക്കണമെന്നാണ് പഞ്ചായത്ത് രാജ് ആക്റ്റ് നിർദ്ദേശിക്കുന്നത്. മാർച്ച് 31നകം ബജറ്റ് പാസ്സാക്കാത്ത ഭരണസമിതികളെ പഞ്ചായത്ത് രാജിലെ 193 വകുപ്പ് പ്രകാരം സർക്കാർ പിരിച്ചുവിടണമെന്നും ആക്ട് പറയുന്നു
.ചാത്തമംഗലത്ത് മാർച്ച് 25ന് ബജറ്റ് അവതരണം നിശ്ചയിച്ചു കൊണ്ട് മാർച്ച് 24നാണ് മെമ്പർമാർക്ക് നോട്ടീസ് നൽകുന്നത്. മൂന്ന് ദിവസം മുമ്പ് നോട്ടീസ് അംഗങ്ങൾക്ക് നൽകണമെന്നാണ് ചട്ടം . എന്നാൽ അടിയന്തര യോഗമായി മാറ്റിയാണ് 24ന് നോട്ടീസ് തയ്യാറാക്കി നൽകിയത്. ബജറ്റ് യോഗം അടിയന്തര യോഗമായി പരിഗണിക്കാൻ കഴിയില്ലെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങൾ പരാതി ഉന്നയിച്ചതോടെ ഈ യോഗം മാറ്റി വെക്കുകയായിരുന്നു. ശേഷം 29 ന് ബജറ്റ് അവതരണം നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ബജറ്റ് അവതരിപ്പിക്കുന്ന ദിവസം തന്നെ അവ ചർച്ച ചെയ്ത് അംഗീകരിക്കുന്ന പതിവില്ല. അംഗങ്ങൾക്ക് വിശദമായ പഠനത്തിന് അവസരം നൽകിയശേഷം മറ്റൊരു ദിവസമാണ് ചർച്ച നടത്തി ബജറ്റ് അംഗീകരിക്കാറുള്ളത്. 29ന് ശേഷം 30 , 31 തീയതികൾ അവധി ദിവസമായതിനാൽ അന്ന് ഭരണസമിതി ചേരാൻ സാധിക്കില്ല. തന്മൂലം ഈ സാമ്പത്തിക വർഷം ബജറ്റ് അംഗീകരിക്കാൻ കഴിയാത്ത ഗുരുതര പ്രതിസന്ധിയാണ് ഇവിടെ വന്നു ചേർന്നത്. ഇത് മറികടക്കുന്നതിന് 29 ന് തന്നെ ചർച്ച നടത്തി അംഗീകരിക്കാനുള്ള ശ്രമമാണ് പ്രസിഡണ്ട് നടത്തുന്നത് എന്നും ഈ നടപടി അംഗീകരിക്കാനാവില്ലെന്നും യുഡിഎഫ് അംഗങ്ങളായ എം.കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പീടികക്കണ്ടി, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഇ പി വൽസല വിശ്വൻ വെള്ളലശ്ശേരി, ഫസീല സലീം എന്നിവർ ആരോപിച്ചു.
വളരെ സുപ്രധാനമായ ബജറ്റിനെ വളരെ നിസ്സാരമായി കാണുന്ന സമീപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഫെബ്രുവരിയിൽ തന്നെ തയ്യാറാക്കേണ്ട ബജറ്റ് ഇത്ര വൈകിച്ചതിന് പൂർണ്ണ ഉത്തരവാദിത്വം പ്രസിഡണ്ടിനും വൈസ് പ്രസിഡണ്ടിനുമാണുള്ളത്. ചർച്ച നടത്താതെ ബജറ്റ് പാസാക്കിയാൽ അതിൻ്റെ നഷ്ടം ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്കും വികസനം കൊതിക്കുന്ന പ്രദേശങ്ങൾക്കുമാണുള്ളത്. പദ്ധതി ചെലവിൽ നിലവിൽ ജില്ലയിൽ ഏറ്റവും പിറകിൽ നിൽക്കുന്ന ഗ്രാമപഞ്ചായത്താണ് ചാത്തമംഗലം. ഭരണ നേതൃത്വത്തിന്റെ കഴിവുകേടാണ് ഇതിനെല്ലാം കാരണം . കൃത്യ സമയത്ത് ബജറ്റ് തയ്യാറാക്കുന്നതിൽ പരാജയപ്പെട്ട വൈസ് പ്രസിഡൻറ് രാജിവെക്കണമെന്നും അവർ ആവശ്യപ്പെട്ടു.
Post a Comment