സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നു; വിമുക്തി പരാജയപ്പെട്ട പദ്ധതി; ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം’; രമേശ് ചെന്നിത്തല


കോഴിക്കോട് താമരശ്ശേരി മുഹമ്മദ് ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തരപ്രമേയ ചർച്ചയിൽ സർക്കാരിനെതിരെ രമേശ് ചെന്നിത്തല. സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ തുടർകഥയാകുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സമൂഹം മുഴുവൻ ഗൗരവമായി ചർച്ച ചെയ്യണമെന്നും കേരളം കൊളംബിയ ആയി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുട്ടികളുടെ ജീവിതത്തെ ലഹരി കവർന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.




കുട്ടികൾ പുകഞ്ഞു തീരുന്നു. ഇതിന്റെ കാരണം എന്താണെന്നു കണ്ടു പിടിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഓരോ ദിവസവും അക്രമങ്ങൾ വർദ്ധിക്കുന്നു. ലഹരിക്കടിമായി ചെയ്യുന്ന കൊലപാതകങ്ങളുടെ എണ്ണം കൂടുന്നു. എല്ലാവരും ഒരുമിച്ചു ഇതിനെ ചെറുക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ആദ്യം സർക്കാർ മുന്നിട്ടിറങ്ങണം. 9 വർഷം മുഖ്യമന്ത്രിയായിട്ടും പിണറായി വിജയൻ ലഹരിയ്ക്കെതിരെ ഒന്നും ചെയ്തിട്ടില്ലെന്ന് അദേഹം വിമർശിച്ചു.

വിമുക്തി പരാജയപ്പെട്ട പദ്ധതിയായി എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. ഇതിനിടയിലാണ് വീണ്ടും ബ്രൂവറിയും ഡിസ്റ്റല്ലറിയും കൊണ്ടു വരുന്നത്. ലഹരിക്കെതിരെ നമ്മൾ നടത്തുന്ന പരിശ്രമങ്ങളെ തകർക്കുന്നതാണ് പുതിയ ബ്രൂവറിയെന്ന് അദേഹം കുറ്റപ്പെടുത്തി. കേരളത്തിലെ കലാലയങ്ങളിൽ റാഗിങിന് നേതൃത്വം കൊടുക്കുന്നത് എസ്എഫ്ഐ ആണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. അക്രമ സംഭവങ്ങൾക്ക് നേതൃത്വം കൊടുക്കുന്നവർക്ക് എതിരെ മുഖ്യമന്ത്രിക്ക് ഒരു വാക്ക് പറയാമായിരുന്നുവെന്ന് അദേഹം പറഞ്ഞു.

കൂട്ടക്കൊലപാതങ്ങൾ സമൂഹത്തിൻ്റെ സൃഷ്ടിയാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അൻപത്തിയൊന്നു വെട്ടു വെട്ടി ടി പിയെ കൊന്നപ്പോൾ കേരളം നടുങ്ങിയതാണ്. സുപ്രീംകോടതി വരെ പോയി ടി പി കേസിലെ പ്രതികൾക്ക് വേണ്ടി സർക്കാർ നിന്നു. ടിപി കേസിലെ പ്രതികൾക്ക് പരോൾ നൽകുന്നതിൽ എന്ത് സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. കൊലപാതകം നടത്തിക്കോളൂ സർക്കാരിൽ പിടിപാടുണ്ടെങ്കിൽ രക്ഷപെടാം എന്ന സന്ദേശമാണ് നിങ്ങൾ നൽകിയതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

Post a Comment

Previous Post Next Post
Paris
Paris