നവീൻ ബാബുവിന്റെ മരണം: കൊലപാതക സാധ്യത പൂർണമായും തള്ളി കുറ്റപത്രം




കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കൊലപാതക സാധ്യത പൂർണമായും തള്ളി കുറ്റപത്രം. നവീൻ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്നും പി.പി ദിവ്യയുടെ പരാമർശം ആത്മഹത്യയിലേക്ക് നയിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. കുറ്റപത്രം ഈ മാസം അവസാനം സമർപ്പിക്കും.സി.ബി ഐ അന്വേഷണമെന്ന ആവശ്യത്തെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചും തള്ളിയ സാഹചര്യത്തിലാണ് ഉടൻ തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘം തീരുമാനിച്ചത്.




യാത്രയയപ്പ് ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി.പി ദിവ്യ നടത്തിയ പ്രസംഗമാണ് നവീൻ ബാബുവിന്റെ ആന്മഹത്യക്ക് കാരണമെന്നാണ് കണ്ടെത്തൽ. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാകും കുറ്റപത്രം. അനുബന്ധ രേഖകളും ശാസ്ത്രീയപരിശോധനാഫലങ്ങളും ഉൾപ്പെടെ നൂറോളം പേജുകൾ കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. കളക്ടർ, കളക്ടറേറ്റിലെ ജീവനക്കാർ, പെട്രോൾ പമ്പിന് അപേക്ഷ നൽകിയയാൾ, നവീൻ ബാബുവിന്റെ ഭാര്യ, കുടുംബാംഗങ്ങൾ ഉൾപ്പെടെ 82 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നവീൻ ബാബു മരിക്കാൻ ഉപയോഗിച്ചതെന്ന് കരുതുന്ന കയറിന്റെയും അടിവസ്ത്രത്തിൽ കണ്ട കറയുടെയും ശാസ്ത്രീയ പരിശോധനാഫലം മാത്രമാണ് ഇനി ലഭിക്കാനുള്ളത്.

കേസ് ഡയറി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുകയാണ്. അത് തിരിച്ചുവാങ്ങാനുള്ള നടപടി ആരംഭിച്ചു. മൃതദേഹത്തിലും മുറിയിലും വിശദമായ പരിശോധന നടത്തിയെങ്കിലും അന്വേഷണ സംഘത്തിന് ആത്മഹത്യാക്കുറിപ്പ് ലഭിച്ചില്ലെന്ന് കുറ്റപത്രത്തിലുണ്ടെന്നാണ് വിവരം. ഡി.ഐ.ജിയുടെ നേതൃത്വത്തിൽ സിറ്റി പോലീസ് കമ്മിഷണർ, അസി. കമ്മിഷണർ ടി.കെ രത്നകുമാർ, ടൗൺ പോലീസ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി എന്നിവരടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം.

Post a Comment

Previous Post Next Post
Paris
Paris