ലഹരി വിറ്റ്‌ നേടിയ വാഹനവും സ്വത്തും കണ്ടു കെട്ടി; ബാങ്ക്‌ അക്കൗണ്ട്‌ മരവിപ്പിച്ചു




കോഴിക്കോട്‌: ജില്ലയിലെ ലഹരി വസ്‌തുക്കളുടെ വ്യാപനത്തിനെതിരെ ശക്‌തമായ നടപടികളുമായി പോലീസ്‌. മലപ്പുറം പേങ്ങാട്‌ സ്വദേശിയായ വെമ്പോയില്‍ കണ്ണനാരി പറമ്പില്‍ സിറാജി(30)ന്റെ പേരിലുള്ള വാഹനവും ഇയാള്‍ ലഹരി വില്‌പന വഴി സമ്പാദിച്ച സ്വത്തുവകകളും കണ്ടുകെട്ടുകയും ഇയാളുടെ പേരിലുള്ള ബാങ്ക്‌ അക്കൌണ്ടും ചെന്നൈ ആസ്‌ഥാനമായ സ്‌മഗ്ലേഴ്‌സ് ആന്‍ഡ്‌ ഫോറിന്‍ എക്‌സ്ചേഞ്ച്‌ മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ്‌ പ്രകാരം കണ്ടുകെട്ടുകയും ചെയ്‌തു.




കോഴിക്കോട്‌ റെയില്‍വെ സ്‌റ്റേഷന്‍ ആനിഹാള്‍ റോഡില്‍ നിന്നും ടൗണ്‍ പോലീസും, സിറ്റി ഡാന്‍സാഫും ചേര്‍ന്ന്‌ നടത്തിയ പരിശോധനയില്‍ 778 ഗ്രാം എം.ഡി.എം.എ യുമായി സിറാജ്‌ പിടിയിലായവുകയായിരുന്നു. ഈ സംഭവത്തില്‍ ഇയാളുടെ പേരിലുള്ള മലപ്പുറം ജില്ലയിലെ ചെറുകാവിലുള്ള പ്രതിയും കുടുംബവും താമസിക്കുന്ന വീട്‌ ഉള്‍പ്പെടെയുള്ള 4.5 സെന്റെ്‌ സ്‌ഥലവും പേരിലുള്ള അപ്രില്ല സ്‌കൂട്ടറുമാണ്‌ ടാണ്‍ പോലീസ്‌ കണ്ടു കെട്ടിയത്‌. കൂടാതെ കോഴിക്കോട്‌ ആക്‌സിസ്‌ ബാങ്കിന്റെ മലാപ്പറമ്പ് ശാഖയില്‍ പ്രതിയുടെ പേരിലുള്ള അക്കൌണ്ടിലെ 15,085.72 രൂപയും, പ്രതിയുടെ ഉമ്മയുടെ അക്കൌണ്ടിലെ 33,935.53/ രൂപയും ഉള്‍പ്പെടുന്ന ബാങ്ക്‌ അക്കൌണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്‌തു.
മുംബൈയില്‍ നിന്നും ഡല്‍ഹിയില്‍ നിന്നും ഡ്രസ്‌ മെറ്റീരിയുകള്‍ കൊണ്ടുവന്ന്‌ വിവിധ കടകളില്‍ വില്‍ക്കുന്നതിന്റെ മറവിലാണ്‌ സിറാജ്‌ എം.ഡി.എം.എ കേരളത്തിലേയ്‌ക്ക് കടത്തുന്നത്‌. യുവാക്കള്‍ക്കിടയില്‍ മയക്കുമരുന്ന്‌ മൊത്തമായും ചില്ലറയായും വില്‍പന നടത്തി വലിയതോതില്‍ സാമ്പത്തിക ലാഭം നേടുകയായിരുന്നു. അന്വേഷണത്തില്‍ പ്രതി പലതവണ കോഴിക്കോട്ടേക്ക്‌ എം.ഡി.എം.എ കടത്തിയതായി സമ്മതിക്കുകയും ചെയ്‌തതാണ്‌. 2020 ല്‍ ഹിമാചല്‍ പ്രദേശിലെ ബോന്തര്‍ പോലീസ്‌ സ്‌റ്റേഷനില്‍ എല്‍.എസ്‌.ഡി , എം.ഡി.എം.എ, മയക്കു ഗുളികള്‍ എന്നിവയുമായി അറസ്‌റ്റിലായ സിറാജ്‌ 10 മാസത്തോളം ജുഡീഷ്യല്‍ കസ്‌റ്റഡിയിലായിരുന്നു. ഈ കേസില്‍ ജാമ്യത്തിലായിരിക്കുമ്പോള്‍ വീണ്ടും മയക്കുമരുന്ന്‌ കടത്തില്‍ സജീവമാകുന്നതിനിടയിലാണ്‌ കോഴിക്കോട്‌ വെച്ച്‌ എം.ഡി.എം.എ.യുമായി ഈ കേസില്‍ പോലീസിന്റെ പിടിയിലാവുന്നത്‌.
സിറാജിന്റെ അച്‌ഛന്റെയും അമ്മയുടെയും പേരില്‍ വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത ഭവനവായ്‌പ ചുരുങ്ങിയ കാലയളവിനുള്ളില്‍ തിരിച്ചടയ്‌ക്കുകയും, കൂടാതെ നിക്ഷേപങ്ങളുടെ പല ഇടപാടുകളും കാണുന്നത്‌ പ്രതിയുടെയും അമ്മയുടെയും അക്കൗണ്ടുകളിലൂടെയാണെന്നും, കുറഞ്ഞ കാലയളവിനുള്ളില്‍ പ്രതി വലിയതോതില്‍ പണം സമ്പാദിച്ചതും, വാഹനം വാങ്ങിയതും ആഡംബര ജീവിതം നയിച്ചതും മറ്റും ലഹരി വില്‌പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്നും കണ്ടെത്തിയിട്ടുണ്ട്‌. ഡല്‍ഹി, ഗോവ കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്‌ പ്രതി എന്നും അന്വേഷണത്തില്‍ പോലീസ്‌ കണ്ടെത്തുയിരുന്നു. ഈ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ പ്രതികളുടെ സ്വത്ത്‌ വിവരങ്ങളും പോലീസ്‌ അന്വേഷിച്ചിരുന്നു.
എന്‍.ഡി.പി.എസ്‌ നിയമത്തിലെ 68 എഫ്‌ വകുപ്പ്‌ ഉപയോഗിച്ചാണ്‌ സ്വത്തുക്കള്‍ പിടിച്ചെടുക്കുന്ന നടപടികള്‍ സ്വീകരിക്കുന്നത്‌. ലഹരി വില്‌പനയില്‍ നിന്നുള്ള വരുമാനം ഉപയോഗിച്ചാണ്‌ ഇതെല്ലാം നേടിയത്‌ എന്നുള്ള സ്‌ഥിരീകരണത്തിനായി ടൗണ്‍ പോലീസ്‌ സ്‌റ്റേഷന്‍ ഇന്‍സ്‌പെക്‌ടര്‍ ജിതേഷ്‌ നല്‍കിയ റിപ്പോര്‍ട്ട്‌ പ്രകാരമാണ്‌ പ്രതിയുടെ സ്വത്തുവകകള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിനായി ചെന്നൈ ആസ്‌ഥാനമായ സ്‌മഗ്‌ളേഴ്‌സ് ആന്‍ഡ്‌ ഫോറിന്‍ എക്‌സ്ചേഞ്ച്‌ മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിക്ക്‌ ബന്ധപ്പെട്ട രേഖകള്‍ അയച്ചത്‌. നിലവില്‍ സിറാജ്‌ കോഴിക്കോട്‌ ജില്ലാ ജയിലില്‍ ജുഡീഷ്യല്‍ കസ്‌റ്റഡിയിലാണ്‌.

Post a Comment

Previous Post Next Post
Paris
Paris