കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് ഒന്നാം പ്ലാറ്റ്ഫോമിലെ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങിയതോടെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന അൺ റിസർവ്ഡ് ടിക്കറ്റ് കൗണ്ടറുകൾക്കു പകരം ഒന്നാം പ്ലാറ്റ്ഫോമിലെ തെക്കുഭാഗത്തെ നടപ്പാതയുടെ സമീപത്തായി തയാറാക്കിയ താൽക്കാലിക കൗണ്ടറുകൾ ഇന്നലെ രാത്രി തുറന്നു. 3 കൗണ്ടറുകളാണ് സജ്ജീകരിച്ചിരിക്കുന്നത്.
ഭിന്നശേഷിക്കാർക്കായി ഒരെണ്ണവും ജനറൽ വിഭാഗത്തിന് 2 എണ്ണവും. പക്ഷേ, ഒരെണ്ണം മാത്രമേ സദാസമയവും പ്രവർത്തിക്കൂ. ഇതിനൊപ്പം 3 ഓട്ടമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനുകൾ (എടിവിഎം) ഈ പരിസരത്ത് ടിക്കറ്റ് വിതരണത്തിനു പ്രവർത്തിക്കും.
ഇതോടൊപ്പം സ്റ്റേഷനിലേക്കു പ്രവേശിക്കാൻ എടിഎം കൗണ്ടർ കെട്ടിടത്തിനു മുന്നിലൂടെ പുതിയ വഴിയും ഇന്നലെ തുറന്നു. സ്റ്റേഷനു മുന്നിലെ റോഡിൽനിന്ന് എടിഎം കൗണ്ടർ കെട്ടിടത്തിനരിലൂടെ തുറന്ന പുതിയ വഴിയിലൂടെ പ്രവേശിച്ചാൽ ഈ പുതിയ ഗേറ്റിന് അടുത്തെത്താം.
ഒന്നാം പ്ലാറ്റ്ഫോമിനു പുറത്തുനിന്ന് 2 വഴികളിലൂടെ മാത്രമായിരിക്കും ഇനി സ്റ്റേഷനിലേക്കു പ്രവേശനം. എസ്കലേറ്ററിന് അടുത്തു നേരത്തെയുള്ള കവാടത്തിനു പുറമെ ഇന്നലെ എടിഎം കൗണ്ടർ കെട്ടിടത്തിനടുത്തു തുറന്ന പുതിയ വഴിയുമാണിവ. മറ്റെല്ലാ വഴികളും അടച്ചു.
Post a Comment