മലബാര്‍ എക്സ്പ്രസിന് കല്ലെറിഞ്ഞയാളെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി



കാസർകോട്: യുവതിയെ മോശമായ അർത്ഥത്തില്‍ നോക്കിയതിനെ കൂടെയുണ്ടായിരുന്നയാള്‍ ചോദ്യം ചെയ്ത‌ വിരോധത്തില്‍ അവർ സഞ്ചരിച്ച ട്രെയിനിനു നേരെ കല്ലെറിഞ്ഞ പ്രതിയെ റെയില്‍വേ പൊലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി.




തെക്കില്‍ മയിലാട്ടി സ്വദേശി എസ്.അനില്‍കുമാർ (41)ആണ് പിടിയിലായത്. കാസർകോട് റെയില്‍വേ പൊലീസ് എസ്. എച്ച്‌. ഒ എം റെജികുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐ എം.വിപ്രകാശൻ, സീനിയർ സിവില്‍ പൊലീസ് ഓഫീസർ സുനീഷ്, സിവില്‍ പൊലീസ് ഓഫീസർ ജ്യോതിഷ് ജോസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തിന് ശേഷം പൊലീസ് സി.സി ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പൊയിനാച്ചിയില്‍ വച്ച്‌ പ്രതിയെ പിടികൂടിയത്. ഈയാളെ ഇന്നലെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കി. ഞായറാഴ്‌ച രാത്രി ഏഴരയോടെ ബേക്കല്‍ ഫോർട്ട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് പ്രതി അക്രമം നടത്തിയത്. മംഗളൂരുവില്‍ നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന മലബാർ എക്‌സ്പ്രസിലെ ജനറല്‍ കോച്ചില്‍ യാത്ര ചെയ്ത ഈയാള്‍ യാത്രക്കിടയില്‍ മലപ്പുറം, വെളിയങ്കോട് സ്വദേശി കെ.റിജാസുമായി വാക്കേറ്റം നടന്നിരുന്നു. തന്റെ കൂടെയുണ്ടായിരുന്ന യുവതിയെ മോശമായി നോക്കിയെന്നാരോപിച്ച്‌ റിജാസ് ഈയാളെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് മദ്യലഹരിയിലായിരുന്ന പ്രതിയും സുഹൃത്തും ബേക്കല്‍ ഫോർട്ട് റെയില്‍വെ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം റിജാസിന്റെ മുഖത്തടിച്ചിരുന്നു. ഇതിന് ശേഷം റിജാസിനെ ലക്ഷ്യമാക്കി ഈയാള്‍ ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു. കല്ലെറിയുന്ന ദൃശ്യം സമൂഹ്യ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

Post a Comment

Previous Post Next Post
Paris
Paris